അമേരിക്ക പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തിയത് മോദിയുടെ നയതന്ത്ര വിജയമാണെന്ന് ബിജെപി

ന്യൂഡെല്‍ഹി: അമേരിക്ക പാകിസ്ഥാന് നല്‍കി വരുന്ന സഹായം അവസാനിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു. പാകിസ്താന്റെ ഭോഷ്‌കും ചതിയും അവസാനിപ്പിക്കുന്നതിന് നീക്കങ്ങള്‍ നടത്തിയ ട്രംപിനെ അഭിനന്ദിക്കുന്നുവെന്നും നരസിംഹ റാവു ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സൈനികരെ ലക്ഷ്യമിടുന്നതിന് പകരം രാഹുല്‍ഗാന്ധി എന്നാണ് പാക്കിസ്ഥാന്റെ നാടകം കളി കാണുകയെന്നും മണി ശങ്കര്‍ അയ്യരെ കെട്ടിപിടിക്കാനും പാക്കിസ്ഥാനെ ആശ്വസിപ്പിക്കാനുമുള്ള തിരക്കിലാണോ രാഹുലെന്നും ബി.ജെ.പി വക്താവ് തന്റെ ട്വീറ്റില്‍ ചോദിച്ചു.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചാണ് അമേരിക്ക സൈനിക സഹായം നിര്‍ത്തിവെച്ചത്. പാക്കിസ്ഥാന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്ക പോരാടുമ്പോള്‍ ഭീകരരുടെ സുരക്ഷിത താവളമായി പാക്കിസ്ഥാന്‍ മാറുകയായിരുന്നുവെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Top