അമേരിക്കയ്ക്ക് ഭയം യമനിലെ ‘യമനെ’ സുലൈമാനിയുടെ ഈ ശിഷ്യനും സൂപ്പർ !

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം. നിലവില്‍ ലോകത്ത് ഏറ്റവും അധികം ആധുനിക സുരക്ഷയുള്ളത് അമേരിക്കന്‍ പ്രസിഡന്റിനാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ചാര സംഘടനയായ സി.ഐ.എയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

അമേരിക്കക്ക് പുറത്ത് മാത്രമല്ല, അകത്തും ശക്തമായ സുരക്ഷാ സംവിധാനമാണ് ട്രംപിനായി കൂടുതലായി ഒരുക്കുന്നത്.

ഇറാന്‍ ജനറലിന്റെ വധം ട്രംപ് നേരിട്ട് ഇടപെട്ട് നടപ്പാക്കിയതിനാല്‍ ഭീഷണി വളരെ വലുതാണെന്നാണ് സി.ഐ.എ കരുതുന്നത്. ട്രംപിന്റെ തലയ്ക്ക് ഇറാന്‍ 80 മില്യണ്‍ ഡോളറാണ് പ്രഖ്യാപിച്ചിരുന്നത്. ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ട ഈ വാര്‍ത്ത പിന്നീട് പിന്‍വലിച്ചെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് സി.ഐ.എയുടെ നിഗമനം.

ഇറാന്‍ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്ക ഇപ്പോള്‍ ഏറെ ഭയപ്പെടുന്നത് അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയാണ്.

ഇറാന്‍ കുദ്‌സ് സേനയുടെ കമാന്‍ഡര്‍ അബ്ദുള്‍ റെസാ ഷഹലായിയാണ് ഇതില്‍ പ്രധാനി. യെമന്‍ കേന്ദ്രീകരിച്ചാണ് ഈ ഇറാന്‍ കമാന്‍ഡര്‍ പ്രവര്‍ത്തിക്കുന്നത്. സുലൈമാനിയെ പോലെ തന്നെ ചങ്കുറപ്പുള്ള സൈനിക ഉദ്യോഗസ്ഥനാണ് ഷഹലായിയും. യുദ്ധ തന്ത്രങ്ങള്‍ കൃത്യമായി അറിയാവുന്ന വ്യക്തി. ഐ.എസിന്റെയും അല്‍ഖ്വയ്തയുടെയുമെല്ലാം അടിവേര് തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഷഹലായി വഹിച്ചിരിക്കുന്നത്.

ഭീകരവിരുദ്ധ പോരാട്ടത്തില്‍ അമേരിക്കന്‍ സൈന്യത്തിന് പോലും സാധിക്കാത്ത പോരാട്ട വീര്യം നേര്‍ക്കു നേര്‍ സിറിയയിലും യെമനിലും കാഴ്ചവച്ചത് ഇറാന്‍ സേനയാണ്. റഷ്യന്‍ സേനക്കൊപ്പം സിറിയയില്‍ ഇറാന്‍ നടത്തിയ ഇടപെടലുകളാണ് സിറിയ ഭരണകൂടത്തിന്റെ നിലനില്‍പ്പിന് തന്നെ ഇപ്പോഴും അടിസ്ഥാനം.

ഇറാഖ് ഭരണകൂടത്തിനും ഭീകരരെ തുരത്തുന്നതില്‍ ഇറാന്‍ സേന നല്‍കിയ പങ്ക് വളരെ വലുതാണ്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനി വധത്തിനു ശേഷം റഷ്യ തന്നെ ഇക്കാര്യം അമേരിക്കയെ ഓര്‍മിപ്പിച്ചിട്ടുമുണ്ട്.

സുലൈമാനിക്കൊപ്പം അമേരിക്ക വധിക്കാന്‍ പ്ലാന്‍ ചെയ്ത ഇറാന്‍ സൈനിക ഉദ്യോഗസ്ഥനാണ് ഷഹലായി.

സുലൈമാനി കൊല്ലപ്പെട്ട അതേ ദിവസം തന്നെ ഷഹലായിയെയും തീര്‍ക്കാനായിരുന്നു ട്രംപ് നിര്‍ദ്ദേശിച്ചിരുന്നത്. ഇക്കാര്യം പ്രമുഖ അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ് പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍ അമേരിക്കയുടെ ഈ നീക്കം പാളുകയാണുണ്ടായത്. യെമനില്‍ വച്ച് ഷഹലായിയെ കൊലപ്പെടുത്താനായിരുന്നു അമേരിക്ക ശ്രമം നടത്തിയിരുന്നത്.

ഷഹലായിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 മില്യണ്‍ ഡോളറാണ് പാരിതോഷികമായി അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.2011-ല്‍ അമേരിക്കയിലെ സൗദി അറേബ്യയുടെ അംബാസിഡറെ വധിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ അവര്‍ ചാര്‍ത്തിയിരിക്കുന്നത്.

സൗദിയുടെ ശത്രുക്കളായ ഹൂതി വിമതരുടെ കേന്ദ്രമാണ് യെമന്‍. ഇറാനുമായി വൈകാരികമായ ബന്ധമുള്ളവരാണ് ഹൂതി വിമതര്‍. ആയുധമുള്‍പ്പടെ ഹൂതികള്‍ക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നത് ഷഹലായിയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്.കൊല്ലപ്പെട്ട ഖാസിം സുലൈമാനിയേക്കാള്‍ ഭീഷണിയായാണ് രക്ഷപ്പെട്ട ഷഹലായിയെ സി.ഐ.എ വിലയിരുത്തുന്നത്.

മറ്റു രാജ്യങ്ങളിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഉപയോഗിച്ച് ഷഹലായി ആക്രമണങ്ങള്‍ സംഘടിപ്പിക്കുമെന്ന് തന്നെയാണ് നിഗമനം. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ട്രംപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സി.ഐ.എ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഏത് റഡാറുകളുടെയും കണ്ണുകള്‍ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് നാശം വിതക്കാന്‍ കഴിയുന്ന ഡ്രോണുകളുടെ വലിയ ശേഖരം തന്നെ ഇറാന് നിലവിലുണ്ട്.

അമേരിക്കന്‍ സൈനിക താവളം ആക്രമിച്ചതിലൂടെ എന്തിനും തയ്യാറാണെന്ന മുന്നറിയിപ്പ് കൂടിയാണ് ഇറാനിപ്പോള്‍ നല്‍കിയിരിക്കുന്നത്.

ആരും കൊല്ലപ്പെട്ടിട്ടില്ലന്ന് ട്രംപ് പറഞ്ഞപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റോക്കറ്റ് വിട്ടാണ് ഇറാന്‍ ഇതിന് മറുപടി നല്‍കിയിരുന്നത്.

ആള്‍ നാശം ഒഴിവാക്കിയത് ഇറാന്റെ ഔദാര്യം കൊണ്ടാണെന്ന വിലയിരുത്തലും അമേരിക്കക്ക് നാണക്കേടായി. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് ഇറാന്‍ ആക്രമിച്ചതെങ്കില്‍ വലിയ ആള്‍നാശം തന്നെ സംഭവിക്കുമായിരുന്നു. ഇറാന്‍ മിസൈലുകളെ പേടിച്ച് ബങ്കറുകളില്‍ ഒളിക്കുകയാണ് അമേരിക്കന്‍ സേന ചെയ്തിരുന്നത്. കൊട്ടിഘോഷിച്ച അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളെല്ലാം നനഞ്ഞ പടക്കമായി മാറുകയാണുണ്ടായത്. ലോകപൊലീസിന്റെ കരുത്ത് ചോദ്യം ചെയ്യപ്പെടുന്ന സംഭവമായും ഇത് മാറിക്കഴിഞ്ഞു.

ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഇനിയും എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാനുള്ള സാധ്യതയും നിലവിലുണ്ട്. ഇറാനെതിരെ കൂടുതല്‍ ഉപരോധം കൊണ്ടുവരാനുള്ള നീക്കം മേഖലയിലെ സ്ഥിതി വീണ്ടും വഷളാക്കുന്നതാണ്.

പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലുകള്‍ ചേദിക്കുമെന്നാണ് ഇറാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന സൂചന നല്‍കുന്നതാണത്.

ഒരു യുദ്ധം ഇറാനും അമേരിക്കയും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലങ്കിലും തീപ്പൊരി വീണാല്‍ ആളിക്കത്തുമെന്ന കാര്യം ഉറപ്പാണ്. ഇറാന്‍ സ്വാധീന മേഖലകളില്‍ കൂടിയുള്ള ജലപാത, ചരക്ക് നീക്കത്തില്‍ നിന്നും ഒഴിവാക്കാന്‍ സൗദിയും തീരുമാനിച്ചിട്ടുണ്ട്.

അമേരിക്ക – ഇറാന്‍ സംഘര്‍ഷം ഉണ്ടായാല്‍ ആദ്യം ഇറാന്‍ ആക്രമിക്കുക സൗദിയെയും ദുബായിയെയും ആയിരിക്കുമെന്ന കാര്യവും ഉറപ്പാണ്. അമേരിക്കയുടെ ഇറാന്‍ വിരുദ്ധ നീക്കങ്ങളുടെ കേന്ദ്രം തന്നെ ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ്.

അമേരിക്കയെ സഹായിക്കുന്നതിനാല്‍ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളോട് വലിയ പകയാണ് ഇറാനുള്ളത്. ഈ രാജ്യങ്ങളിലെ ജനങ്ങളുടെ താല്‍പ്പര്യത്തിന് വിരുദ്ധമായാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. അതേസമയം ഖത്തര്‍, ഇറാന്‍ അനുകൂല നിലപാടിലാണുള്ളത്. യു.എ.ഇ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം തന്നെ സഹായങ്ങള്‍ എത്തിച്ച രാജ്യം ഇറാനായിരുന്നു. ഈ നന്ദി ഖത്തറിന് ഇപ്പോഴും ഇറാനോടുണ്ട്.

അമേരിക്ക അടുത്ത സുഹൃത്തായിട്ട് പോലും അവര്‍ ആഗ്രഹിച്ച പിന്തുണ ഇന്ത്യയും നല്‍കിയിട്ടില്ല. ഇറാനെ കൈവിട്ടുള്ള ഒരു കളിക്കും ഇല്ലന്ന സന്ദേശം തന്നെയാണ് ഇന്ത്യയും നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. സൈനിക താവളം ആക്രമിച്ച ഇറാന്‍ നടപടിയെ ഇന്ത്യ എതിര്‍ക്കുമെന്നാണ് അമേരിക്ക കരുതിയിരുന്നത്. അത് ഉണ്ടാകാത്തതില്‍ ട്രംപ് തന്നെ വലിയ നിരാശയിലാണിപ്പോള്‍.

അമേരിക്ക പാക്കിസ്ഥാനൊപ്പം ഉറച്ച് നിന്ന കാലഘട്ടങ്ങളില്‍ പോലും ഇന്ത്യക്കൊപ്പം നിന്ന രാജ്യമാണ് ഇറാന്‍.

റഷ്യയാണ് ഇറാനെ ശക്തമായി പിന്തുണയ്ക്കുന്ന മറ്റൊരു രാജ്യം.നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ മാരകായുധങ്ങള്‍ റഷ്യയില്‍ നിന്നും ഇറാന്‍ വാങ്ങുമെന്ന ആശങ്ക അമേരിക്കക്കുണ്ട്. ആണവായുധ നിര്‍മ്മാണവുമായി ഇറാന്‍ മുന്നോട്ട് പോകുന്നത് ഏറെ ഭയപ്പെടുത്തുന്നതിപ്പോള്‍ അമേരിക്കയെയും സഖ്യകക്ഷികളേയുമാണ്.

Staff Reporter

Top