അനധികൃതമായി കുടിയേറുന്നവര്‍ അക്രമകാരികള്‍, വിചാരണയില്ലാതെ തിരിച്ചയക്കണം ; ട്രംപ്

trump1

വാഷിംഗ്ടണ്‍ : കുടിയേറ്റം നടത്തി അമേരിക്കയെ ആരെങ്കിലും അധിനിവേശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിച്ച് തരില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃതമായി കുടിയേറുന്നവര്‍ അക്രമകാരികളാണെന്നും ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി വിചാരണ നടത്താതെ തന്നെ കുടിയേറ്റക്കാരെ തിരിച്ചയ്ക്കണമെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നിലവിലുള്ള കുടിയേറ്റ നിയമം പരിഹാസ്യമാണ്. ആളുകള്‍ കൂട്ടത്തോടെ അമേരിക്കയിലേക്ക് അതിക്രമിച്ച് കയറുന്നത് അനുവദനീയമല്ല. അനധികൃതമായി ആരെങ്കിലും രാജ്യത്ത് പ്രവേശിച്ചാല്‍ അവരെ ഉടന്‍ തന്നെ തിരിച്ചയ്ക്കണം. ജഡ്ജിമാരുടെ മുന്നില്‍ കൊണ്ടുപോയുള്ള വിചാരണയൊന്നും വേണ്ട. കുടിയേറ്റം അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നവരെയാണ് അമേരിക്കയ്ക്ക് വേണ്ടത്. നമ്മുടെ കുടിയേറ്റ നയങ്ങള്‍ ലോകത്തുടനീളം പരിഹാസ്യമാകുകയാണ്. ഇത് നിയമപരമായ മാര്‍ഗങ്ങളിലൂടെ വര്‍ഷങ്ങളായി കുടിയേറ്റത്തിനായി കാത്തിരിക്കുന്നവരോടുള്ള കടുത്ത അനീതിയാണ്. മിക്ക കുട്ടികളും മാതാപിതാക്കളെ കൂടാതെയാണ് ഇവിടേക്ക് വരുന്നതെന്നും ട്രംപ് വ്യക്തമാക്കി.

നിയമാനുസൃതമായ നടപടികള്‍ പാലിച്ചുള്ള കുടിയേറ്റങ്ങളോട് മാത്രമെ സര്‍ക്കാരിന് മമതയുള്ളൂവെന്നും ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷും ബറാക് ഒബാമയും ചെയ്തതിനെക്കാള്‍ ഭംഗിയായാണ് തങ്ങള്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിയമത്തിലെ പഴുതുകള്‍ അടച്ചാല്‍ മാത്രമെ അനധികൃത കുടിയേറ്റം തടയാനാകൂ. ഇതിനോടൊപ്പം അതിര്‍ത്തികളിലെ സുരക്ഷ ശക്തമാക്കണമെന്നും കുറ്റകൃത്യങ്ങളില്ലാത്ത സുരക്ഷിതമായ അതിര്‍ത്തികളാണ് ആവശ്യമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

Top