ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ പ്രതിഷേധം ശക്തമാകുന്നു

ലണ്ടന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്ത വര്‍ഷം നടത്താനിരിക്കുന്ന സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ കനത്ത പ്രതിഷേധം. ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധറാലിക്ക് ട്രംപ് വിരുദ്ധ കൂട്ടായ്മ തയാറെടുപ്പു തുടങ്ങി.

പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ രാജ്ഞിയുടെ അതിഥിയായുള്ള ഔദ്യോഗിക സന്ദര്‍ശനം ഒഴിവാക്കി ‘വര്‍ക്കിങ് വിസിറ്റ്’ എന്നപേരില്‍ രണ്ടുദിവസത്തെ സന്ദര്‍ശനമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണു സന്ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടനിലെ പുതിയ അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പ്രസിഡന്റിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദര്‍ശനം.

ട്രംപ് സന്ദര്‍ശനം നടത്തുന്ന ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലേക്കു പ്രതിഷേധ മാര്‍ച്ചു നടത്താനാണ് ‘സ്റ്റോപ്പ് ട്രംപ് ക്യാംപെയ്‌നേഴ്‌സി’ന്റെ ആഹ്വാനം.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്തു നടത്തിയ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് ട്രംപിനെ ബ്രിട്ടനിലെ ഒരുവിഭാഗം ആളുകള്‍ക്ക് അനഭിമതനാക്കിയത്. അടുത്തിടെ ബ്രിട്ടനിലെ തീവ്രവലതുപക്ഷക്കാരായ ചിലരുടെ മുസ്ലിം വിരുദ്ധ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്ത് അദ്ദേഹം വീണ്ടും വിവാദം സൃഷ്ടിച്ചു. ഇതിനെതിരെ പ്രതികരിച്ച പ്രധാനമന്ത്രിയോട് തന്റെ ട്വീറ്റ് നോക്കിയിരിക്കാതെ ഭീകരരുടെ ആക്രമണത്തില്‍നിന്നും രാജ്യത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

ട്രംപ് അധികാരമേറ്റ കഴിഞ്ഞ ജനുവരിയില്‍ ലണ്ടനില്‍ അദ്ദേഹത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത വന്‍ പ്രതിഷേധ റാലി നടന്നിരുന്നു.

Top