ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി ട്രംപ്

വാഷിംങ്ടണ്‍: ഇറാനിയന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ നിമിഷങ്ങള്‍ വെളിപ്പെടുത്തി ട്രംപ്. ജനറല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ ഓപ്പറേഷന്റെ ഒരോ മിനുട്ടിലെ പ്രവര്‍ത്തനവും എണ്ണിപ്പറഞ്ഞാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ വിവരണം. ദക്ഷിണ ഫ്‌ലോറിഡയിലെ എസ്റ്റേറ്റില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്കായി ഫണ്ട് സംഭാവന ചെയ്യുന്നവര്‍ക്കായി നടത്തിയ അത്താഴ വിരുന്നിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

മാര്‍ എ ലാഗോ എന്ന എസ്റ്റേറ്റിലെ ബംഗ്ലാവിലെ ബോള്‍ റൂമിലാണ് അത്താഴ വിരുന്ന് നടന്നത്. നമ്മുടെ രാജ്യത്തിന് മോശമായ കാര്യമായതിനാലാണ് സുലൈമാനിയെ കൊലപ്പെടുത്തുന്ന ഓപ്പറേഷന് ഉത്തരവിട്ടത് എന്നാണ് സംഭാഷണത്തില്‍ ട്രംപ് പറയുന്നത്. അമേരിക്കയെ അക്രമിക്കാന്‍ പോകുകയാണെന്ന് സുലൈമാനി പറഞ്ഞിരുന്നത്. നമ്മുടെ ജനങ്ങളെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. അതിനാലാണ് അയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ട്രംപ് പറയുന്നു.

സൈനിക ഉദ്യോഗസ്ഥര്‍ തത്സമയം സുലൈമാനിക്കെതിരായ നീക്കങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. യുഎസ് ആക്രമണം ലോകത്തെ പിടിച്ചുകുലുക്കിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പക്ഷെ സുലൈമാനിക്കെതിരായ നീക്കം അത്യവശ്യമായിരുന്നു. ആയിരക്കണത്തിന് യുഎസ് പൗരന്മാരുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം ഇയാളാണെന്ന് ട്രംപ് പ്രതികരിച്ചു.

Top