രണ്ടു സ്ത്രീകളെ പണം നല്‍കി സ്വാധീനിച്ചതായി ട്രംപിന്റെ മുന്‍ അഭിഭാഷകന്‍

ന്യൂയോര്‍ക്ക് : ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശാനുസരണം അദ്ദേഹവുമായുള്ള ബന്ധം പുറത്തു പറയുന്നതു വിലക്കി രണ്ടു സ്ത്രീകളെ പണം നല്‍കി സ്വാധീനിച്ചതായി ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് സംഭവം. കൂടാതെ നികുതി വെട്ടിപ്പ്, ബാങ്ക് തട്ടിപ്പ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികള്‍ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ടു റജിസ്റ്റര്‍ ചെയ്യപ്പെട്ട എട്ടു കേസുകളില്‍ താന്‍ കുറ്റക്കാരനാണെന്ന് കോഹന്‍ സമ്മതിച്ചു.

കോടതിയില്‍ ട്രംപിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും കോഹന്‍ ഉദ്ദേശിച്ചത് പ്രസിഡന്റിനെ തന്നെയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ലാന്നി ഡേവിസ് വ്യക്തമാക്കി. അതേസമയം ട്രംപ് ക്യാംപ് ആരോപണങ്ങള്‍ തള്ളി. നുണ പറയുന്ന ചരിത്രമുള്ള വ്യക്തിയാണു കോഹനെന്നും ആ ഒരു അധ്യായം ഇതോടെ അവസാനിക്കുകയാണെന്നും ട്രംപിന്റെ അഭിഭാഷകന്‍ റുഡോള്‍ഫ് ഗിലാനി ആരോപിച്ചു.

പ്ലേബോയ് മോഡല്‍ കാരെന്‍ മക്‌ഡോഗല്‍, നീലച്ചിത്ര നായിക സ്റ്റോമി ഡാനിയല്‍സ് എന്നിവരാണു ട്രംപുമായി തങ്ങള്‍ക്കു ബന്ധമുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഈ ആരോപണങ്ങള്‍ ട്രംപ് നിഷേധിച്ചെങ്കിലും ഇവരെ പണം നല്‍കി നിശബ്ദരാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാന്‍ഹാട്ടന്‍ കോടതിയിലാണ് കോഹന്‍ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ ട്രംപ് കോഹന്റെ കുറ്റസമ്മതത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top