Trump will cleanse Muslims from America;warns letter sent to mosques

കാലിഫോര്‍ണിയ: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലീം വിരുദ്ധ നിലപാട് വന്‍ വംശീയ കലാപത്തിന് ഇടയാക്കുമോയെന്ന് പരക്കെ ആശങ്ക.

പ്രതിപക്ഷമായ ഡെമോക്രാറ്റിക്കുകള്‍ക്ക് മാത്രമല്ല ഭരണപക്ഷമായ റിപ്പബ്ലിക്കന്‍സിന് ഉള്ളില്‍ പോലും പുതിയ സംഭവവികാസങ്ങള്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

ട്രംപിനെതിരെ അമേരിക്കയില്‍ ആഞ്ഞടിക്കുന്ന പ്രതിഷേധത്തിനിടെ കൗണ്‍സില്‍ ഓണ്‍ ഇസ്ലാമിക് അമേരിക്കന്‍ റിലേഷന്‍സിന് അജ്ഞാതന്‍ അയച്ച കത്ത് ലോകത്തെ മതനിരപേക്ഷ മനസ്സുകളെ ആശങ്കപ്പെടുത്തുന്നതാണ്.

ഹിറ്റലര്‍ ജൂതന്മാരെ നശിപ്പിച്ചത് പോലെ അമേരിക്കയിലെ മുസ്ലീങ്ങളെ നിയുക്ത പ്രസിഡന്റ് ട്രംപ് ഇല്ലാതാക്കുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

യുഎസിലെ മുസ്ലീം ജനതയെ സാത്താന്റെ സന്തതികള്‍ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ട്രംപ് മുസ്ലീങ്ങളെ ഇല്ലാതാക്കി കൊണ്ട് രാജ്യത്തിന് പുതിയ തിളക്കം നല്‍കുമെന്നാണ് കത്തിലെ അവകാശവാദം.

വടക്കന്‍ കാലിഫോര്‍ണിയയിലെ പോമോന,ലോങ്ങ് ബീച്ച്, സാന്‍ജോസ് എന്നിവിടങ്ങളിലെ പള്ളികള്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്.

ട്രംപ് അധികാരമേറ്റെടുത്ത് കഴിഞ്ഞാല്‍ കലാപകാരികള്‍ അഴിഞ്ഞാടുമെന്നതിന്റെ സൂചനയായാണ് ഈ കത്തിനെ പൊതുസമൂഹം നോക്കിക്കാണുന്നത്.

മുസ്ലീം തീവ്രവാദത്തിനെതിരെ അമേരിക്കക്ക് പോരാടാന്‍ അവകാശമുണ്ടെങ്കിലും ഏതാനും ചിലര്‍ ചെയ്യുന്ന തെറ്റിന് ഒരു സമുദായത്തിനെതിരെ ഭീഷണി മുഴക്കുന്നത് മുളയിലെ നുള്ളിക്കളയണമെന്നും കത്തയച്ചയാളെ കണ്ടുപിടിച്ച് തുറുങ്കിലടക്കണമെന്നുമുള്ള ആവശ്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് സൗദി അറേബ്യക്ക് സംരക്ഷണമൊരുക്കിയ അമേരിക്ക ഇപ്പോള്‍ നിലപാട് മാറ്റത്തിനൊരുങ്ങുന്നതില്‍ അറബ് രാഷ്ട്രങ്ങളും ആശങ്കയിലാണ്.

ഇപ്പോഴും സൗദിയില്‍ യുഎസ് സൈനിക താവളം പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് സൗദിയടക്കമുള്ള മുസ്ലീംരാഷ്ട്രങ്ങളും പിന്‍തുണ പ്രഖ്യാപിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ട്രംപ് എത്തിയത്.

ജനുവരിയിലാണ് ഔദ്യോഗികമായി അദ്ദേഹം സ്ഥാനം ഏറ്റെടുക്കുക. സൈനികമായും സാമ്പത്തികമായും ലോകത്തെ ഒന്നാമത്തെ ശക്തിയായ അമേരിക്കയെ ഒരു ‘വട്ടനായ’ പ്രസിഡന്റ് നയിക്കുന്നത് ലോകത്തെ മാനവരാശിക്ക് തന്നെ ഭീഷണിയാണെന്നാണ് പ്രമുഖ നയതന്ത്ര വിദഗ്ധരടക്കമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ട്രംപിനെതിരെ അമേരിക്കയില്‍ തന്നെ പ്രതിഷേധം ശക്തമാവുന്നതിനാല്‍ പ്രസിഡന്റ് പദവി ഏറ്റെടുത്താലും അധികം നാള്‍ ആ പദവിയിലിരിക്കാന്‍ ട്രംപിന് കഴിയില്ലെന്നാണ് അമേരിക്കയിലെ രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

ട്രംപ് പ്രസിഡന്റാവുമെന്ന് ആദ്യം പ്രവചനം നടത്തിയ പ്രൊഫസര്‍ അലന്‍ ലിച്ച്മാന്‍ തന്നെ ട്രംപ് ഇംപീച്ച്‌മെന്റിലൂടെ പുറത്താകുമെന്ന അഭിപ്രായ പ്രകടനവും നടത്തിയിരുന്നു.

Top