ട്രംപ് കൂടിക്കാഴ്ചയെ വില കുറച്ച് കാണാനുള്ള അമേരിക്കന്‍ രാഷ്ട്രീയത്തിനെതിരെ പുടിന്‍

റഷ്യ: ട്രംപുമായുള്ള കൂടിക്കാഴ്ചയെ വില കുറച്ച് കാണാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കെതിരെ പുടിന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നില നില്‍ക്കേണ്ടത് അനിവാര്യമാണെന്നും, ആണവ വ്യാപനം കുറച്ച് കൊണ്ടു വരുന്നതിലടക്കം ഇരു രാജ്യങ്ങള്‍ക്കും ഏറെ ചെയ്യാനുണ്ടെന്നും പുടിന്‍ വ്യക്തമാക്കി. പുടിനുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെയും വിമര്‍ശനം വ്യാപകമാകുന്നതിനിടെയാണ് പുടിന്‍ പ്രതികരിച്ചത്.

അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളുടെ ഭാഗമായി റഷ്യ- യു.എസ് ബന്ധത്തെ വഷളാക്കാനാണ് ചിലരുടെ ശ്രമമെന്നും പുടിന്‍ പറഞ്ഞു. ആണവായുധ വ്യാപനം കുറച്ച് കൊണ്ടുവരാനുള്ള കാലാവധി ഈ വര്‍ഷം അവസാനിക്കാനിരിക്കെ മോസ്‌കോയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാകുന്നത് അപടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ രാഷ്ടീയക്കാര്‍ സ്വന്തം പാര്‍ട്ടി താത്പര്യങ്ങള്‍ക്കായി ദേശീയ താത്പര്യങ്ങള്‍ ബലി കഴിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

obama

ദിമിത്രി മെദ്‌വേദേവും ബരാക് ഒബാമയും തമ്മില്‍ 2010ലാണ് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെച്ചത്. 2011 ല്‍ ഇത് പ്രാബല്യത്തിലായി. തന്ത്രപരമായ ആണവ മിസൈല്‍ ലോഞ്ചറുകള്‍ കുറച്ച് കൊണ്ടുവരാന്‍ ഇരു രാജ്യങ്ങളെയും നിര്‍ബന്ധിക്കുന്നതാണ് കരാര്‍.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപും പുടിനും റഷ്യയിലെ ഹെല്‍സിങ്കില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നതിനിടെ നടന്ന കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ക്കിടെ സന്ദര്‍ശനത്തെ ന്യായീകരിച്ച് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തങ്ങളുടെ കൂടിക്കാഴ്ചക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പുടിനും രംഗത്തെത്തിയത്.

Top