ട്രംപിനെ സുഖിപ്പിക്കാൻ കോടികൾ ! ! ഇന്ത്യക്ക് എന്താണ് നേട്ടമെന്ന് ചോദ്യം

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം തന്നെയാണ് അന്താരാഷ്ട്രതലത്തിലും പ്രധാന ചര്‍ച്ചാ വിഷയം.

ട്രംപിന്റെ വരവ് ഒരു മഹാ സംഭവമാക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ് മോദിയും, കേന്ദ്ര സര്‍ക്കാരും. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി മാത്രം, 100 കോടിയോളമാണ് ചിലവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ‘നമസ്തേ ട്രംപ്’ എന്ന പരിപാടിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാനാകും എന്നാണ് ഇരു നേതാക്കളും കരുതുന്നത്.

ഫെബ്രുവരി 24ന് ഗുജറാത്ത് ട്രംപിനെ വരവേല്‍ക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ആരെയും വിസ്മയിപ്പിക്കാന്‍ പോന്ന ചടങ്ങിലേക്കാണ് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

അതുപോലെ തന്നെ ഇന്ത്യാ സന്ദര്‍ശനത്തെക്കുറിച്ച് നിര്‍ത്താതെ പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ട്രംപും ഭാര്യ മെലാനിയ ട്രംപും. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ട്രംപ് 22 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേറയിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ഒപ്പമുണ്ടാകും.

ട്രംപിനെ സുഖിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കുറച്ചൊന്നുമല്ല പണിപ്പെടുന്നത്. 28 ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന കലാ, സാംസ്‌കാരിക രൂപങ്ങള്‍ റോഡ് ഷോക്ക് ഭംഗി കൂട്ടാന്‍ ഈ വഴിയില്‍ ഒരുക്കും. ഇതിനായി പ്രത്യേക പ്ലാറ്റ്ഫോമുകള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ എഴുതിയ 350 ഹോര്‍ഡിംഗുകളും വഴിയരികില്‍ ഇടംപിടിക്കും.

ഇനി ട്രംപിന്റേയും ഭാര്യയുടേയും മനം കുളിര്‍പ്പിക്കാനും സ്റ്റേഡിയത്തില്‍ എത്തുന്ന ജനങ്ങളെ പിടിച്ചിരുത്താനും സാക്ഷാല്‍ എ.ആര്‍.റഹ്മാന്‍ മുതല്‍ ഗായകരായ സോനു നിഗം, ഷാന്‍ തുടങ്ങിയവരുടെ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് വേദിയായത് കൊണ്ട് ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരും പരിപാടിയില്‍ എത്തിച്ചേരും.

ഇതെല്ലാം നല്ല കാര്യം തന്നെയാണ്, എന്നാല്‍ ട്രംപിനെ സ്വാഗതം ചെയ്യാന്‍ ഇന്ത്യാമഹാരാജ്യം തയ്യാറെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങളും, അല്‍പ്പം ഷോയും ഒക്കെ ചേര്‍ന്ന് പൊടിപ്പും തൊങ്ങലും പിടിപ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് ഡോണാള്‍ഡ് ട്രംപ്. അക്കാര്യത്തില്‍ മോദിയും ഒട്ടും പിറകിലല്ലെങ്കിലും ട്രംപിനെ കടത്തിവെട്ടാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

മൂന്ന് മണിക്കൂര്‍ മാത്രമുള്ള അഹമ്മദാബാദിലെ സന്ദര്‍ശനത്തിലെ ഓരോ മിനിറ്റിലും ‘നമസ്തേ ട്രംപ്’ വേറിട്ട പരീക്ഷണമായിരിക്കുമെന്നാണ് മോദി ട്രംപിന് നല്‍കിയിരിക്കുന്ന ഉറപ്പ്. എന്നാല്‍ ഈ ഒരുക്കങ്ങളിലെല്ലാം വലിയ മുതലാളി തൃപ്തനാകുമോ എന്ന ആശങ്ക സാക്ഷാല്‍ മോദിക്കുമുണ്ട്.

പുറത്തുവരുന്ന പുതിയ വിവരമനുസരിച്ച് വിമാനത്താവളത്തില്‍ നിന്നും സബര്‍മതി ആശ്രമം വരെയുള്ള പാതയില്‍ ഏകദേശം ഒന്നേകാല്‍ ലക്ഷം പേര്‍ മാത്രമേ അണിനിരക്കൂ എന്നാണ്. ട്രംപ് ആഗ്രഹിച്ചത് പോലെ 7 മില്ല്യണ്‍ ജനത എത്താന്‍ യാതൊരു സാധ്യതയുമില്ല എന്ന് അര്‍ത്ഥം. ഒരുകോടി ആളുകള്‍ പരിപാടിക്ക് എത്തുമെന്ന് മോദി തനിക്ക് വാക്കു തന്നിട്ടുണ്ടെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. ചെറിയൊരു പഴുത് കിട്ടിയാല്‍ തന്റെ പൊങ്ങച്ചം പറയുന്ന ട്രംപിന് ജനങ്ങളുടെ ഈ വലിയ കുറവ് അപമാനത്തിന് സമമാകുമോ എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.

ഒരു അവസരം കിട്ടിയപ്പോള്‍ നാട്ടുകാരോട് ബില്യണ്‍ ടണ്‍ സാമ്പത്തിക വളര്‍ച്ച എന്നൊക്കെ തളളുന്ന പോലെ ട്രംപിനോട് തള്ളിയതാവും മോദി. എന്തായാലും തള്ളാന്‍ മോദിയും അത് വിശ്വസിച്ച് ഇറങ്ങിതിരിക്കാന്‍ ട്രംപും എന്ന വിമര്‍ശകരുടെ വാക്കുകള്‍ അര്‍ത്ഥവത്താകുന്ന കാഴ്ചയാണോ നമസ്‌തേ ട്രംപ് എന്ന പരിപാടി സമ്മാനിക്കുക എന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ.

എന്നാല്‍, ഒരുക്കങ്ങള്‍ അല്‍പം കുറഞ്ഞാലും ഇന്ത്യക്കാരെ വെറുപ്പിക്കാന്‍ ട്രംപ് തയ്യാറാകില്ലെന്നാണ് സൂചന. അതിന് വ്യക്തമായ കാരണവും ഉണ്ട്.

ഇന്ത്യയിലെ സന്ദര്‍ശനം തന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലവില്‍ ശ്രമിച്ചിരിക്കുന്നത്.

അമേരിക്കയിലെ ഗുജറാത്തികള്‍ തന്നെയാണ് ട്രംപിന്റെ ഉന്നം. അമേരിക്കയില്‍, അമേരിക്കക്കാരില്‍ 20% ജനസംഖ്യ ഗുജറാത്തികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് ഏകദേശം 15 ലക്ഷത്തോളം ഗുജറാത്തി വംശജര്‍ അമേരിക്കയിലുണ്ട്.

ബിസിനസ്സിന്റെ കാര്യത്തില്‍ ഗുജറാത്തികളെ വെല്ലാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്നതിന് തെളിവാണ് അമേരിക്കയിലെ അവസ്ഥ. അവിടുത്തെ മോട്ടല്‍ വ്യവസായത്തിന്റെ 40 ശതമാനവും നടത്തുന്നത് ഗുജറാത്തി വംശജര്‍ തന്നെയാണ്. ന്യൂയോര്‍ക്ക്, ന്യൂജഴ്സി, ഷിക്കാഗോ, സാന്‍ഫ്രാന്‍സിസ്‌കോ, ലോസാഞ്ചലസ്, സാന്‍ജോസ്, വാഷിംഗ്ടണ്‍, ഡല്ലാസ്, ഫിലഡെല്‍ഫിയ തുടങ്ങിയ നഗരങ്ങളില്‍ ഇവര്‍ വ്യാപിച്ച് കിടക്കുന്നു. ബിസിനസ്സില്‍ നിന്നും രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളിലും, നാസ ഉള്‍പ്പെടെയുള്ള സുപ്രധാന സ്ഥാപനങ്ങളിലും ഗുജറാത്തികള്‍ എന്നേ ഇടംപിടിച്ച് കഴിഞ്ഞിട്ടുമുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ട്രംപിന് യുഎസിലെ ഇന്ത്യക്കാരെ ചാക്കിലാക്കാന്‍ വഴിയൊരുക്കുന്ന പരിപാടിയായി നമസ്തേ ട്രംപ് മാറുന്നത് ഇതുകൊണ്ട് കൂടിയാണ്. അമേരിക്കയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിലെ വമ്പിച്ച ജനപങ്കാളിത്തം ‘ഷോമാന്‍’ കൂടിയായ ട്രംപിനെ ഉറപ്പായും കൊതിപ്പിച്ചിട്ടുണ്ട്.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ‘നമസ്‌തേ ട്രംപ്’ സ്വാധീനിക്കുമെന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

Staff Reporter

Top