വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ട്രംപ്; പശ്ചിമേഷ്യയുടെ പൊലീസാവാന്‍ യുഎസിന് താല്‍പര്യമില്ല

വാഷിംഗ്ടണ്‍ ഡിസി: സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍ലിക്കാനുള്ള തീരുമാനം അപക്വമാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയുടെ പൊലീസാവാന്‍ യുഎസിന് താല്‍പര്യമില്ലെന്നായിരുന്നു ട്രംപ് ട്വീറ്ററിലൂടെ പ്രതികരിച്ചത്.

യാതൊരു നേട്ടവും ഇല്ലാതെ വിലപ്പെട്ട ജീവനുകള്‍ ഹോമിച്ചും കോടിക്കണക്കിനു ഡോളര്‍ ചിലവാക്കിയും മറ്റുള്ളവരെ സംരക്ഷിച്ചിട്ടെന്തു കാര്യമെന്നാണ് ട്രംപ് ചോദിക്കുന്നത്. അമേരിക്ക പിന്മാറുന്നതില്‍ റഷ്യയും ഇറാനും സിറിയയും സന്തുഷ്ടരല്ലാത്തതിന് കാരണം അവര്‍ ഇനി ശത്രുവിനെ ഒറ്റയ്ക്കു നേരിടണം എന്നുള്ളത് കൊണ്ടാണെന്നും ട്രംപ് പറയുന്നു.

ഐഎസിനെ ഉന്മൂലനം ചെയ്യുകയായിരുന്നു യുഎസ് സൈന്യത്തിന്റെ ദൗത്യമെന്നും അല്ലാതെ സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുകയായിരുന്നില്ലെന്നും നേരത്തെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഐഎസിനെ പരാജയപ്പെടുത്തിയെന്നു കഴിഞ്ഞദിവസം പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതെത്തുടര്‍ന്നു ബുധനാഴ്ച സൈന്യം സിറിയയില്‍ നിന്നു പിന്മാറ്റം തുടങ്ങി. തീരുമാനം മാറ്റാന്‍ ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു ട്രംപിന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫലിച്ചില്ല.

Top