കോവിഡ് യാത്രാവിലക്ക് പിന്‍വലിക്കുമെന്ന് ട്രംപ്; നിഷേധിച്ച് ബൈഡന്‍

വാഷിങ്ടന്‍: യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നുള്ള യാത്രക്കാരുടെ വിലക്ക് പിന്‍വലിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. മെഡിക്കല്‍ ടീമിന്റെ ഉപദേശപ്രകാരം ഈ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് ബൈഡന്റെ പ്രസ് സെക്രട്ടറി ജെന്‍ സാകി ട്വീറ്റ് ചെയ്തു.
കോവിഡ് വ്യാപനം കൂടുതല്‍ ലഘൂകരിക്കുന്നതിന് പൊതുജനാരോഗ്യ നടപടികള്‍ ശക്തിപ്പെടുത്താന്‍ പദ്ധതിയിടുന്നതായും രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കേണ്ട സമയമല്ല ഇതെന്നും ട്വീറ്റില്‍ പറയുന്നു.

യൂറോപ്പിനും ബ്രസീലിനുമുള്ള യാത്രക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ചൈനയ്ക്കും ഇറാനുമുള്ള യാത്രാ വിലക്ക് നിലനില്‍ക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ട്രംപിന്റെ പ്രസ്താവനയില്‍ പറയുന്നു.

യുഎസിലേക്ക് പോകുന്ന എല്ലാ വിമാന യാത്രക്കാരും പുറപ്പെടുന്നതിന് മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് നെഗറ്റീവ് സ്ഥിരീകരിക്കണമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ എത്തിച്ചേര്‍ന്ന് മൂന്ന് മുതല്‍ അഞ്ചു ദിവസം വരെ വീണ്ടും പരിശോധന നടത്തണമെന്നും കുറഞ്ഞത് ഏഴു ദിവസമെങ്കിലും ക്വാറന്റീനില്‍ കഴിയണമെന്നും സിഡിസി ശുപാര്‍ശ ചെയ്യുന്നു.

Top