ആദ്യം പഴിച്ചു, ഇപ്പോള്‍ ചൈനീസ് പ്രസിഡന്റിനോട് ഫോണിൽ സംസാരിച്ച് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തില്‍ തുടക്കം മുതല്‍ ചൈനയെ പഴിച്ച ഡൊണള്‍ഡ് ട്രംപ് വൈറസ് വ്യാപനം സംബന്ധിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട്.
ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോകമാകമാനം കൊറോണ വൈറസ് വ്യാപിക്കുന്ന അതിഗുരുതരമായ സാഹചര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തതായും ഈ വൈറസ് സംബന്ധിച്ച് ഏറെ അറിവുനേടിക്കഴിഞ്ഞ ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് വിശദീകരിച്ചു.

യുഎസ് ഉള്‍പ്പെടെ രോഗബാധിതമായ എല്ലാ രാജ്യങ്ങളുമൊത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ട്രംപുമായുളള ചര്‍ച്ചയില്‍ ഷീ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ എജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പു ലഭിച്ചിട്ടും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെയിരുന്ന ട്രംപ് ഭരണകൂടം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടതോടെ ട്രംപിന്റെ നിലപാടിലും മാറ്റം വന്നതായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

വൈറസ് വ്യാപനത്തിലെ നിരീക്ഷണത്തില്‍ തുടക്കത്തില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയ്ക്കു കണക്കു പറയുകയാണ് ഇപ്പോള്‍ യുഎസ്. കോവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ ചൈനയെ മറികടക്കുന്ന സ്ഥിതിയില്‍ എത്തിയപ്പോള്‍ മാത്രമാണ് വ്യാപകമായി രോഗപരിശോധന നടത്താന്‍ പോലും അധികൃതര്‍ മുന്‍കൈയെടുത്തത്.

ദുരഭിമാനം വെടിഞ്ഞ് കൊറോണ വൈറസ് ടെസ്റ്റ് കിറ്റുകള്ക്കായി ദക്ഷിണ കൊറിയയുടെ സഹായം തേടാന്‍ ട്രംപ് ഭരണകൂടം ഒടുവില്‍ തയാറായിരുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ചൈനയെ മറികടന്നുവെന്ന റിപ്പോര്‍ട്ടുകളോട് ‘ചൈനയിലെ കണക്കുകള്‍ നിങ്ങള്‍ക്കറിയാനാവില്ലെ’ന്നായിരുന്നു ട്രംപിന്റെ മറുപടി.
പരിശോധനാ സംവിധാനം മെച്ചപ്പെട്ടതാണ് യുഎസില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം സൂചിപ്പിക്കുന്നതെന്നും ട്രംപ് വിശദീകരിച്ചു. ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേര്‍ന്നിരിക്കുകയാണെന്ന ട്രംപിന്റെ പരാമര്‍ശം നേരത്തെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെയും രാജ്യാന്തരതലത്തില്‍ പ്രതിഷേധം ഉയര്‍ന്നു.

കൊറോണ വൈറസിനെ ചെറുക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ലോകാരോഗ്യ സംഘടനയുള്‍പ്പെടെ അഭിനന്ദിച്ചതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറസ് വ്യാപനത്തില്‍ ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണു യുഎസ് ശ്രമിക്കുന്നതെന്നും അത് അനുവദിക്കാനാകില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. ചൈനയിലേക്ക് വൈറസ് എത്തിച്ചത് യുഎസ് സൈനികരാകാമെന്ന തരത്തില്‍ ഒരു ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നടത്തിയ പ്രസ്താവന വന്നതോടെയാണ് യുഎസ് ശക്തമായ മറുപടിക്ക് മുതിര്‍ന്നതെന്ന് ട്രംപ് പിന്നീട് വിശദീകരിക്കുകയും ചെയ്തു.

കോവിഡിനെതിരായ പോരാട്ടത്തില്‍ പഴിചാരലല്ല പരസ്പര സഹകരണമാണ് വേണ്ടതെന്നു യുഎസിന് ചൈന മറുപടി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റുമായി സംസാരിക്കുമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം. കോവിഡ് രോഗവ്യാപനത്തില്‍ ആഗോള സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യം മറികടക്കാന്‍ പര്യാപ്തമായ വിധം ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ ചൈനയും യുഎസും തമ്മില്‍ പുതിയ വ്യാപാര കരാറിനുള്ള സാധ്യതയും ഇരു രാഷ്ട്രങ്ങളുടെയും നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തല്‍.

അതേസമയം,രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നതായി ആഗോള കൊറോണ വൈറസ് ബാധ സംബന്ധിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഗ്രാഫ് വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കുള്ള കണക്കുകള്‍ പ്രകാരം 85,612 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം മരണസംഖ്യ 1300 കടന്നു.

രോഗബാധ ഗുരുതരമായ ന്യൂയോര്‍ക്കില്‍ സ്ഥിതി അതിഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗികള്‍ക്കായി ആവശ്യമായ ആശുപത്രി കിടക്കകള്‍ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Top