ധനസഹായം ശാശ്വതമായി മരവിപ്പിക്കും; ലോകാരോഗ്യ സംഘടനയ്ക്ക് ട്രംപിന്റെ ഭീഷണി

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘനയ്ക്ക് മുന്നില്‍ ഭീഷണിസ്വരമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്ന ധനസഹായം ശാശ്വതമായി മരവിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ പകുതിയോടെ ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ചൈനയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ നടപടി.

വൈറസിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ആദ്യകാല റിപ്പോര്‍ട്ടുകള്‍ അവഗണിക്കുക, ചൈനയുമായി വളരെ അടുത്ത് നില്‍ക്കുക എന്നിവയടക്കം പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിലെ ലോകാരോഗ്യ സംഘടനയുടെ പോരായ്മകളാണ് ട്രംപ് കത്തില്‍ വിശദീകരിക്കുന്നത്.

പകര്‍ച്ചാവ്യാധിയോട് പ്രതികരിക്കുന്നതില്‍ സംഘടന ആവര്‍ത്തിച്ചു നടത്തിയ തെറ്റായ കാല്‍വയ്പ്പുകള്‍ ലോകത്തിനു വളരെ ചെലവേറിയതാണെന്നു വ്യക്തമാണ്. ചൈനയുമായുള്ള ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ലോകാരോഗ്യ സംഘടനയ്ക്കു മുന്നോട്ടു പോകാനാകൂ. അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ സംഘടനയ്ക്കുള്ള യുഎസിന്റെ ധനസഹായം താല്‍ക്കാലികമായി മരവിപ്പിക്കുകയും സംഘടനയിലെ അംഗത്വം പുനഃപരിശോധിക്കുകയും ചെയ്യും കത്തില്‍ പറയുന്നു.

അതേസമയം കൊറോണ വൈറസ് പാന്‍ഡെമിക്കിനോടുള്ള പ്രതികരണത്തെക്കുറിച്ച് സ്വതന്ത്ര അവലോകനം നടത്തുമെന്ന് തിങ്കളാഴ്ച ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Top