യുഎസിന്റെ നിലപാടുകളോട് എതിര്‍ക്കുന്ന പലസ്തീനും സഹായം നല്‍കില്ലെന്ന് ട്രംപ്

donald trump

വാഷിംഗ്ടണ്‍: പാക്കിസ്ഥാനു നല്‍കി വന്നിരുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പലസ്തീനും സമാനമായ മുന്നറിയിപ്പ് നല്‍കി അമേരിക്ക. സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും അല്ലാത്ത പക്ഷം പലസ്തീന് നല്‍കി വരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും അടിയന്തിരമായി നിര്‍ത്തി വയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു.

പാക്കിസ്ഥാന് സഹായം നല്‍കിയിരുന്നതു പോലെ മറ്റ് പല രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. അതിലൊന്നാണ് പലസ്തീന്‍. എന്നാല്‍ സഹായം ലഭിക്കുന്നതിന്റെ നന്ദി പോലും പലസ്തീനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജറുസലം വിഷയത്തിലെ പലസ്തീന്‍ നിലപാടിനെയും ട്രംപ് ട്വീറ്റില്‍ രൂക്ഷമായി വിമര്‍ശിച്ചു. പൂര്‍ണമായും അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്തിന് സഹായങ്ങള്‍ നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ചോദിച്ചു.

ഭീകരപ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്തതിനേത്തുടര്‍ന്നായിരുന്നു പാക്കിസ്ഥാനെതിരെ കടുത്ത നിലപാടെടുക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനു വര്‍ഷാവര്‍ഷം നല്‍കിയിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ ദിവസം നിര്‍ത്തലാക്കിയിരുന്നു.

സാമ്പത്തിക സഹായം കൈപ്പറ്റി അമേരിക്കന്‍ സര്‍ക്കാരുകളെ പാക്കിസ്ഥാന്‍ വിഡ്ഢികളാക്കുകയായിരുന്നെന്നായിരുന്നു പുതുവര്‍ഷത്തിലെ ആദ്യ ട്വീറ്റില്‍ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.ഇതിനു പിന്നാലെയാണ് പലസ്തീനെതിരെയും നിലപാട് കടുപ്പിച്ച് യുഎസ് രംഗത്തെത്തിയിരിക്കുന്നത്.

Top