Trump Taj Mahal Casino to Close,

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള താജ്മഹല്‍ കാസിനോ അടച്ചുപൂട്ടുന്നു.

കനത്ത നഷ്ടത്തെ തുടര്‍ന്നാണ് കാസിനോ അടച്ചുപൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസിനോ അടച്ചുപൂട്ടുന്നതോടെ 3000 തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

26 വര്‍ഷങ്ങള്‍ക്കു മുന്‍പ് അറ്റ്‌ലാന്റിക് സിറ്റിയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയില്‍ താജ് മഹല്‍ കാസിനോ ആരംഭിച്ചത്. എന്നാല്‍ കനത്ത നഷ്ടം നേരിടുന്ന കമ്പനിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് കമ്പനി പങ്കാളികളിലൊരാളും ട്രംപിന്റെ സുഹൃത്തുമായ കാള്‍ ഇക്കാന്‍ അറിയിച്ചതോടെയാണ് കമ്പനി പൂട്ടുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ 18 മാസത്തെ കണക്കില്‍ മാത്രം 100 മില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് തനിക്ക് നേരിട്ടതെന്ന് കാള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

പെന്‍ഷന്‍ ആനൂകൂല്യങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സും നല്‍കണമെന്നാവശ്യപ്പെട്ട് ജൂലൈ ഒന്നു മുതല്‍ കാസിനോയ്‌ക്കെതിരെ തൊഴിലാളി സമരം ആരംഭിച്ചിരിക്കുകയാണ്.

34 ദിവസത്തെ തൊഴിലാളി സമരം അറ്റ്‌ലാന്റിക് സിറ്റിയെ സംബന്ധിച്ച 26 വര്‍ഷത്തെ ആദ്യത്തെ അനുഭവമാണ്. താജ്മഹല്‍ കാസിനോ അടച്ചു പൂട്ടുന്നതോടെ അറ്റ്‌ലാന്റിക് സിറ്റിയില്‍ ശേഷിക്കുന്നത് ഏഴ് കാസിനോകള്‍ മാത്രമാകും.

ഇതിനു മുന്‍പ് 2014ല്‍ ആയിരുന്നു ഇവിടെ കാസിനോകള്‍ അടച്ചുപൂട്ടിയത്. നാലു കാസിനോകള്‍ അടച്ചുപൂട്ടുന്നതോടെ 8000 തൊഴിലാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.

Top