ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ്; നിര്‍ദേശവുമായി ട്രംപ്

trump

വാഷിങ്ടണ്‍: ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി, നാഷണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചക്കിടെയാണ് ട്രംപ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അമേരിക്കന്‍ വാര്‍ത്താ സൈറ്റായ ആക്‌സിയോസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

‘കാര്യങ്ങള്‍ മനസിലാകുന്നുണ്ട്. എന്തുകൊണ്ട് നമുക്ക് അണവായുധം പ്രയോഗിച്ചുകൂട. ചുഴലിക്കാറ്റ് ആഫ്രിക്കന്‍ തീരത്തിന് സമീപത്താണ് രൂപം കൊള്ളുക. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗത്ത് ബോംബിട്ട് അതിന്റെ സംവിധാനത്തെ അലങ്കോലപ്പെടുത്താം. എന്തുകൊണ്ട് നമുക്കത് ചെയ്തുകൂട’-എന്നാണ് ട്രംപ് ചോദിച്ചത്.

ട്രംപിന്റെ നിര്‍ദ്ദേശം ഉന്നത ഉദ്യോഗസ്ഥര്‍ തള്ളി കളഞ്ഞില്ല എന്നാണ് റിപ്പോര്‍ട്ട്. 2017ലും ചുഴലിക്കാറ്റിനെ നേരിടാന്‍ ആറ്റം ബോംബ് ഉപയോഗിക്കണമെന്ന നിര്‍ദേശം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ആക്സിയോസ് തന്നെയാണ് ആ വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ട്രംപ് മുന്നോട്ട് വെച്ച് നിര്‍ദേശത്തോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായില്ല. പ്രസിഡന്റിന്റെ അനൗദ്യോഗിക സംഭാഷണങ്ങളില്‍ മറുപടി നല്‍കാനില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് ഇതിനോട് പ്രതികരിച്ചത്.

Top