trump statement in -us entry in muslims

വാഷിങ്ടണ്‍: അമേരിക്കയില്‍, മുസ്ലീങ്ങള്‍ പ്രവേശിക്കുന്നത് വിലക്കുമെന്ന് പ്രഖ്യാപിച്ച് വിവാദത്തിലായ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്റെ നിലപാടില്‍ അയവ് വരുത്തി.

തന്റേത് താല്‍ക്കാലിക നിര്‍ദ്ദേശം മാത്രമായിരുന്നെന്ന് ട്രംപ് വിശദീകരിച്ചു. മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇത് ഗുരുതരമായ ഒരു പ്രശ്‌നമാണ്. വിലക്ക് ഏര്‍പ്പെടുത്തുമെന്നുമുള്ളത് വെറുമൊരു നിര്‍ദ്ദേശം മാത്രമായിരുന്നു. ഇസ്ലാമിക ഭീകരത നമുക്ക് ലോകത്ത് കാണാനാവും. പാരീസിലോ, സാന്‍ ബെര്‍ണാര്‍ഡിനോയിലോ ഒക്കെ കാണാനാവും. നിഷേധിക്കുന്നവര്‍ക്ക് നിഷേധിക്കാം. എന്നാല്‍, ഞാനത് നിഷേധിക്കുന്നില്ല ഫോക്‌സ് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലണ്ടനിലെ മേയറായി പാകിസ്ഥാന്‍ വംശജനായ സാദിഖ് ഖാന്‍ തിരഞ്ഞെടുക്കപ്പെട്ടതിനെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.

അതേസമയം, താന്‍ പ്രസിഡന്റായാല്‍ പാക് വംശജനായ സാദിഖ് ഖാന് ഇക്കാര്യത്തില്‍ ഇളവ് നല്‍കുമെന്നും ട്രംപ് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ട്രംപിന്റെ വിവാദ പ്രഖ്യാപനം.

വൈസ് പ്രസിഡന്റായി ആരെ നിര്‍ദ്ദേശിക്കുമെന്ന ചോദ്യത്തോട് ട്രംപ് ഒഴിഞ്ഞുമാറി. ക്ലീവ്‌ലാന്‍ഡില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, സെനറ്റര്‍മാരായാ ബോബ് കോര്‍ക്കറെയും ജെഫ് സെഷന്‍സിനേയും ട്രംപ് പ്രകീര്‍ത്തിച്ചു.

Top