തെരഞ്ഞെടുപ്പ് വിധി; തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനകളുമായി ട്രംപ്

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കാന്‍ ഡൊണാള്‍ഡ്‌ ട്രംപ് സന്നദ്ധനാകുന്നതായി സൂചന. തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടെന്ന് ആരോപിക്കുകയും വിധി അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപ് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തോൽവി അംഗീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ട്രംപിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലം എല്ലാം പറയുമെന്ന് ട്രംപ് പ്രതികരിച്ചു.

 

റോസ് ഗാര്‍ഡനില്‍ നടന്ന കോവിഡ് വാക്‌സിനെക്കുറിച്ചുള്ള സംഭാഷണത്തിനിടെയാണ് തന്റെ പരാജയം അംഗീകരിക്കുന്നതിന്റെ സൂചന ട്രംപ് നല്‍കിയത്. ഒരാഴ്ചയായി ക്യാമറകൾക്ക് മുന്നിൽ പ്രതികരിക്കാതിരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ബാധ തടയാന്‍ ഒരിക്കല്‍ക്കൂടി ലോക്ക്ഡൗണ്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പറഞ്ഞ ട്രംപ്, കാലം എല്ലാം പറയുമെന്നും വ്യക്തമാക്കി. “നമ്മള്‍ ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല”, ട്രംപ് പറഞ്ഞു.അതേസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല.

അരിസോണയും ജോര്‍ജ്ജിയയും ബൈഡനൊപ്പം നിന്നതോടെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ലഭിച്ചത്. ട്രംപിനാവട്ടെ 232 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കി. യുഎസ് ഫെഡറല്‍ ആന്‍ഡ് സ്റ്റേറ്റ് ഇലക്ഷന്‍ അധികൃതര്‍ ട്രംപിന്റെ വാദം തള്ളി പ്രസ്താവന പുറപ്പെടുവിച്ചു. ട്രംപിന്റെ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും വോട്ട് മാറ്റാനോ നശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോഓഡിനേറ്റിംഗ് കൗണ്‍സില്‍ അറിയിച്ചു.

Top