ഖഷോഗി വധം : സൗദി രാജാവിനെ പിന്തുണച്ച് ഡൊണാൾഡ്‌ ട്രംപ്

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ പിന്തുണച്ച് അമേരിക്കന്‍ പ്രഡിഡണ്ട് ഡൊണാൾഡ്‌ ട്രംപ്. വധത്തില്‍ പങ്കുണ്ടോയെന്ന ചോദ്യം ട്രംപ് നിരസിച്ചു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്.

മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയുടെ നേതാവാണെന്നും അവര്‍ നമ്മുടെ മിത്രമാണെന്നുമായിരുന്നു പ്രതികരിച്ചത്. ഖഷോഗി വധത്തില്‍ പങ്കില്ലെന്ന് സല്‍മാന്‍ ഉറപ്പിച്ചു പറഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്.

സൗദി രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഖഷോഗിയെ കൊന്നതെന്ന് സിഐഎ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സിഐഎയുടെ വെളിപ്പെടുത്തല്‍ അനവസരത്തിലുള്ളതാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഖഷോഗി വധത്തില്‍ ട്രംപിന്റെ നിലപാടില്‍ സെനറ്റര്‍മാര്‍ക്ക് അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദികോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കാണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദിയുടെ വിശദീകരണം. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായിരുന്നില്ല.

Top