trump signs order to withdraw mega trade deal with asia

വാഷിങ്ടണ്‍: ട്രാന്‍സ് പസഫിക് കൂട്ടായ്മയില്‍ (ട്രാന്‍സ് പസഫിക് പാര്‍ടര്‍ഷിപ്പ്) നിന്നും അമേരിക്ക പിന്‍വാങ്ങുന്ന കരാറില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു.

ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതിനായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന കൂട്ടായ്മയാണിത്.

ഒബാമയുടെ ആരോഗ്യപദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കിയതിന് പിന്നാലെയാണ് ഒബാമ കൊണ്ടുവന്ന മറ്റൊരു പദ്ധതി കൂടി ട്രംപ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഒബാമ കരാര്‍ ഒപ്പുവെച്ചത്. യുഎസും കാനഡയും ആസിയന്‍ രാജ്യങ്ങളുമുള്‍പ്പെടെ 12 രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ഒബാമയുടെ ഏഷ്യന്‍ രാജ്യങ്ങളോടുള്ള ബന്ധത്തിന്റെ സൂചനകൂടിയായ വ്യപാര നയമാണ് ട്രാന്‍സ് പസഫിക് കൂട്ടായ്മ.

ഒരു അമേരിക്കന്‍ തൊഴിലാളിയെ സംബന്ധിച്ച് വലിയ ഒരു കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചു. ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് നല്‍കി വന്നിരുന്ന ഫണ്ടും അദ്ദേഹം നിര്‍ത്തിവെച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ടിപിപിക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. ടിപിപി അമേരിക്കയുടെ ഉല്‍പ്പാദനത്തെ തകര്‍ത്തു എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

ടിപിപിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ കരാര്‍ നിലനില്‍ക്കില്ലെന്ന് ഉറപ്പായി.

Top