trump should not be allowed speak uk parliament ; speaker john bercow

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെതിരെ സ്പീക്കര്‍ ജോണ്‍ ബെര്‍കോ രംഗത്ത്‌.

വര്‍ഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ ട്രംപിന്റെ നിലപാടുകളാണ് എതിര്‍ക്കാനുള്ള കാരണം. ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കര്‍ ജോണ്‍ ബെര്‍കോ ആവശ്യപ്പെട്ടു.

കുടിയേറ്റ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് മുമ്പേ ട്രംപിന്റെ നയങ്ങളെ താന്‍ എതിര്‍ത്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ട്രംപിനെതിരായ പ്രതിഷേധം വര്‍ധിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും നയതന്ത്ര സന്ദര്‍ശനത്തിന് എതിരല്ലെന്നും ജോണ്‍ ബെര്‍കോ വ്യക്തമാക്കി.

ട്രംപിനുള്ള ക്ഷണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഫെബ്രുവരി 20ന് ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ ഇരിക്കുകയാണ്. പാര്‍ലമെന്റില്‍ ആരെല്ലാം സംസാരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ട മൂന്നംഗങ്ങളില്‍ ഒരാളാണ് സ്പീക്കര്‍ ജോണ്‍ ബെര്‍കോ.

കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപിന്റെ വിലക്കും ഇതിനെതിരായ ഫെഡറല്‍ കോടതി പരാമര്‍ശങ്ങളും രാജ്യാന്തര വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തില്‍ സ്പീക്കര്‍ ജോണ്‍ ബെര്‍കോയുടെ പ്രസ്താവനക്ക് വലിയ പ്രാധാന്യമാണുള്ളത്.

ട്രംപിന്റെ പരാമര്‍ശനങ്ങളെ ഭാഗികമായി അനുകൂലിച്ചിട്ടുള്ള പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞ മാസം ട്രംപിനെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനായി ക്ഷണിച്ചിരുന്നു.

Top