സൈനികസഹായം പിന്‍വലിക്കാന്‍ പ്രമേയം; യുഎസ് സെനറ്റിനെതിരെ സൗദി അറേബ്യ

യുഎസ് സെനറ്റിനെതിരെ സൗദി അറേബ്യ. യെമെന്‍ ആഭ്യന്തരയുദ്ധത്തില്‍ സൗദിയ്ക്ക് നല്‍കുന്ന സൈനികസഹായം പിന്‍വലിക്കാന്‍ യുഎസ് സെനറ്റ് പ്രമേയം കൊണ്ടുവന്നതോടെയാണ് സൗദി യുഎസിനെതിരെ തിരിഞ്ഞത്. എന്നാല്‍ പ്രമേയം യെമെനിലെ സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം.

തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമേയം തങ്ങളുടെ ആഭ്യന്തരവിഷയങ്ങളിലുള്ള കടന്നുകയറ്റമാണെന്നും അത് സമ്മതിച്ച് തരാന്‍ കഴിയില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

പ്രമേയം കൊണ്ടുവരുന്നതിന് അനുമതിയാവശ്യപ്പെട്ട് വ്യാഴാഴ്ച യു.എസ്. സെനറ്റില്‍ നടന്ന വോട്ടെടുപ്പ് 41നെതിരേ 56 വോട്ടുകള്‍ക്ക് വിജയിച്ചിരുന്നു. ട്രംപിന്റെ എതിര്‍പ്പവഗണിച്ച് ഏതാനും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സൗദിക്ക് അനുകൂലമായി വോട്ടുചെയ്തു.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട കേസില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരേ ആരോപണമുന്നയിക്കുന്നതിനെയും സൗദി വിമര്‍ശനം അറിയിച്ചു. ഖഷോഗി വധത്തില്‍ ഭരണകൂടത്തിന് പങ്കില്ലെന്നും സൗദിയുടെ നിയമവഴികളില്‍നിന്ന് കേസ് പുറത്തേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാകില്ലെന്നും മന്ത്രാലയം പറഞ്ഞു.

Top