ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് ട്രംപ്; തീരുമാനം ജി-20 ഉച്ചകോടിയില്‍

ഒസാക്കോ:ചൈനീസ് ഉത്പന്നങ്ങള്‍ക്ക് യുഎസ് പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്നും ചൈനയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രപുമായി നടത്തിയ കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് ഷി ജിന്‍ പിങും ശ്രേഷ്ടമായ ചര്‍ച്ചയെന്ന് ട്രംപും വിശേഷിപ്പിച്ചു. ഞങ്ങള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ഇരു രാഷ്ട്രങ്ങള്‍ തമ്മില്‍ നടത്തിയ കരാറുകളെ പറ്റി വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറായില്ല. ചര്‍ച്ചയിലെ വിവരങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും പിന്നീട് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തുമെന്നാണ് സൂചന.

ചൈനയ്ക്കും യുഎസിനും പരസ്പര സഹകരണത്തിലൂടെ വിജയിക്കാനും പരസ്പരം പോരാട്ടത്തിലൂടെ പരാജയപ്പെടുത്താനുമാവുമെന്ന് ചര്‍ച്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു.

അടുത്ത ഘട്ടത്തിലേക്ക് ബന്ധങ്ങളെ മുന്നോട്ട് നയിക്കാനും ട്രംപുമായി അഭിപ്രായങ്ങള്‍ കൈമാറാനും ആഗ്രഹിക്കുന്നു എന്ന് ഷി ജിന്‍ പിങ് പറഞ്ഞു. ഏകോപനം, സഹകരണം, സ്ഥിരത എന്നിവ മുന്‍ നിര്‍ത്തി യുഎസ്-ചൈന ബന്ധം ഊര്‍ജ്ജിതപ്പെടു്ത്താനാണ് ആഗ്രഹമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

Top