കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.എന്നാല്‍ വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയില്‍ 100,000ത്തോളം പേര്‍ മരിച്ചേക്കും, ദാരുണമായ ഒരു കാര്യമാണത്, ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

അമേരിക്കയില്‍ അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയില്‍ ആളുകള്‍ മരിച്ചേക്കുമെന്നാണ് കഴിഞ്ഞ ആഴ്ച ട്രംപ് പറഞ്ഞിരുന്നത്. മരണസംഖ്യ ഇപ്പോള്‍ എഴുപതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു.

നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ കൊറോണ വൈറസ് 68,606 അമേരിക്കകാരുടെ ജീവനാണെടുത്തത്. 1.1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് വ്യാപനം മൂലം മിക്ക സ്‌കൂളുകളും നിരവധി ബിസിനസുകളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിശാലമായ ഭാഗങ്ങളും രാജ്യത്ത് അടച്ചിട്ടിരിക്കുകയാണ്.

Top