പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തലാക്കി യുഎസ്: ഇനിയും വിഡ്ഢികളാക്കാന്‍ ശ്രമിക്കേണ്ടെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ പാക്കിസ്ഥാനെതിരെ കനത്ത നടപടിയുമായി അമേരിക്ക. ഭീകരത തടയാന്‍ മതിയായ നടപടികളെടുക്കുന്നില്ലെന്നും ഇനിയും അമേരിക്കയെ വിഡ്ഢികളാക്കാന്‍ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി പാക്കിസ്ഥാനുള്ള സഹായം നിര്‍ത്തലാക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കുന്നതായും, സഹായം വാങ്ങി അമേരിക്കയെ പാക്കിസ്ഥാന്‍ ചതിച്ചെന്നും ട്രംപ് ആരോപിച്ചു.

കഴിഞ്ഞ 15 വര്‍ഷമായി പാക്കിസ്ഥാന് സഹായം നല്‍കിയ അമേരിക്കയെ അവര്‍ വിഡ്ഢികളാക്കുകയായിരുന്നു. കള്ളവും ചതിയുമല്ലാതെ അമേരിക്കയ്ക്ക് അവര്‍ ഒന്നും തിരിച്ചു നല്‍കിയിട്ടില്ല. അഫ്ഗാനില്‍ തങ്ങള്‍ വേട്ടയാടുന്ന ഭീകരര്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കിയെന്നും ട്രംപ് പറഞ്ഞു.

2002 മുതല്‍ 3300 കോടി ഡോളര്‍ സഹായമാണ് അമേരിക്ക പാക്കിസ്ഥാന് നല്കിയത്.പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാന്‍ ഓഗസ്റ്റില്‍ ട്രംപ് തീരുമാനിച്ചിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ നടപടി.

Top