ഈ ആഴ്ച അവസാനം കിമ്മുമായി സംസാരിക്കാൻ സാധ്യത; അവകാശവാദവുമായി ട്രംപ്

വാഷിംഗ്ടൺ: ഈ ആഴ്ചയുടെ അവസാനം ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി സംസാരിക്കാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും എന്നാൽ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നുമുളള പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവനകൾ.

എന്നാൽ ഈ ആഭ്യൂഹങ്ങൾക്ക് താൽക്കാലിക വിരാമമിട്ടു കൊണ്ട് കിം ജോങ് ഉൻ പൊതുവേദിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കിം ജോങ് ഉൻ രാജ്യത്തെ പുതിയ വളം ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ഒരു ചിത്രം
ഉത്തരകൊറിയൻ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പ്യോംഗ്യാംങിൽ നടന്ന പരിപാടിയുടെ ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചവെന്നും അമേരിക്കൻ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തിരുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏപ്രിൽ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളിൽ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങൾക്കിടയിൽ ചർച്ചയായത്.

Top