അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ടു; സന്തോഷം പങ്കുവെച്ച് ട്രംപ്

വാഷിങ്ടന്‍: മൂന്നാഴ്ചത്തെ അസാന്നിധ്യം സൃഷ്ടിച്ച അഭ്യൂഹങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും വരെ ആഭ്യൂഹങ്ങള്‍ക്ക് പ്രചരിക്കുന്നതിനിടയിലാണ് മേയ് ഒന്നിന് കിം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.

‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത് എന്നതും ശ്രദ്ധേയം.

തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് 50 കിലോമീറ്ററകലെ സുന്‍ജനില്‍ ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസര്‍ ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുത്ത ശേഷം പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായ കിമ്മിനെ പിന്നീട് ലോകം കാണുന്നത് മെയ് ഒന്നിനായിരുന്നു.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചവെന്നും അമേരിക്കന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.

Top