ട്രംപ് രാജി വച്ചെന്ന വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് ‘എസ് മെന്‍’ ആക്ടിവിസ്റ്റ് ഗ്രൂപ്പ്

അമേരിക്ക ഇന്നലെ ഉണര്‍ന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജി വയ്ക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ട്. യുഎസിലെ പ്രമുഖ പത്രങ്ങളിലൊന്നായ വാഷിങ്ടണ്‍ പോസ്റ്റിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. പെട്ടെന്ന് എന്ത് സംഭവിച്ചു എന്ന സംശയത്തോടെ വാര്‍ത്ത വായിച്ച് തുടങ്ങിയപ്പോഴാണ് പലര്‍ക്കും സംഭവം മനസ്സിലായത്.

2019 മെയ് 1 എന്നായിരുന്നു പത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയതി. ഇതോടെ പത്രം വ്യാജമാണെന്ന് മനസ്സിലായി. യഥാര്‍ത്ഥ പത്രത്തിന്റെ അതേ വലിപ്പത്തില്‍ ബ്രോഡ് ഷീറ്റ് മാതൃകയിലായിരുന്നു പത്രം അച്ചടിച്ചിരുന്നത്. ആദ്യ പേജില്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്ന ട്രംപിനെ ഭാവന ചെയ്ത കഥകള്‍ മെനഞ്ഞിരിക്കുന്ന പത്രത്തിന്റെ ഉള്‍പ്പേജുകളില്‍ പൊതുവായ ചില രാഷ്ട്രീയ വാര്‍ത്തകളും ഉണ്ടായിരുന്നു.

മിക്കവാറും വാര്‍ത്തകളും സ്ത്രീകളുടെ പേരുകളിലാണ് അച്ചടിച്ചിട്ടുള്ളത്. പേരുകളെല്ലാം വ്യാജമാണെന്ന് ഊഹിക്കാവുന്ന തരത്തിലായിരുന്നു ബൈ ലൈനുകള്‍ ഒക്കെയും. മാത്രവുമല്ല വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച സൈറ്റില്‍ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവന്‍ രൂപവും ലഭ്യമാവുകയും ചെയ്തിരുന്നു.

ആരാണ് ഈ വ്യാജ പത്രത്തിന് പിന്നില്‍ എന്ന സംശയത്തോടെ അധികൃതര്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ് എസ് മെന്‍’ എന്ന ആക്ടിവിസ്റ്റ് ഗ്രൂപ്പ് ആ പത്രത്തിന് പിന്നില്‍ ഞങ്ങളാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ട്രംപിന്റെ ഭരണത്തോടുള്ള കടുത്ത അതൃപ്തികൊണ്ടാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 12 പേര്‍ ഈ വ്യാജപത്രത്തിന്റെ ഡിസൈന്‍ ചെയ്യാനും 25 പേര്‍ ഇത് വിതരണം ചെയ്യാനും ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ലേഖനങ്ങളെല്ലാം എഴുതിയത് എല്‍ ഇ കുഫ്മാനെ പോലുള്ള പ്രമുഖ ആക്ടിവിസ്റ്റുകളാണ്. ട്രംപ് ഭരണത്തില്‍ നിരാശയനുഭവിക്കുന്നവര്‍ക്ക് ഇത്തിരി നേരമെങ്കിലും സന്തോഷവും പ്രതീക്ഷയും നല്‍കാനാണ് ഈ പത്രം ഇറക്കിയതെന്നാണ് ഈ ഗ്രൂപ്പ് പറയുന്നത്.

Top