റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണ വിശദാംശങ്ങള്‍ മറച്ച് വച്ചിട്ടില്ലെന്ന് ട്രംപ്

വാഷിംഗ്ടണ്‍: വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ താന്‍ മറച്ച് വച്ചിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റുമായ് നടത്തിയ ചര്‍ച്ചാ വിഷയങ്ങള്‍ യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു മറച്ചുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ആരോപണം അടിസ്ഥാന രഹിതമാണെന്നും താന്‍ വിഷയങ്ങളൊന്നും മറച്ച് വച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഹെല്‍സിങ്കി ഉച്ചകോടിയില്‍ അടക്കം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഞ്ചു തവണ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ട്രംപ് ആരോടും പറഞ്ഞിട്ടില്ലെന്നും. അതേസമയം സംഭാഷണം പുറത്തുവിടുന്നതില്‍ നിന്ന് ഹെല്‍സിങ്കി ഉച്ചകോടിയിലെ ദ്വിഭാഷിയെ വിലക്കിയിട്ടുണ്ടെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയതു.

സാധാരണ പ്രസിഡന്റുമാര്‍ തമ്മിലുള്ള സംഭാഷണമാണ് ഹെല്‍സിങ്കിയില്‍ നടന്നത്. ഇസ്രയേല്‍ അടക്കമുള്ള വിഷയങ്ങള്‍ പുടിനുമായി ചര്‍ച്ച ചെയ്തു. സംഭാഷണം രഹസ്യമായിരുന്നില്ലെന്നും ആര്‍ക്കും കേള്‍ക്കാവുന്ന രീതിയില്‍ സുതാര്യമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

Top