ട്രംപിനെന്ത് റോയല്‍ പ്രോട്ടോക്കോള്‍;രാജകീയ മര്യാദകള്‍ ലംഘിക്കുന്ന വിഡീയോ പുറത്ത്

ലണ്ടന്‍ : സമൂഹമാധ്യമങ്ങളില്‍ വൈറലായി നാലുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രസകരമായൊരു വീഡിയോ. വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ പ്രത്യേക ഗാര്‍ഡ് ഓഫ് ഓണര്‍ നിരീക്ഷിച്ച് നടക്കുന്ന ട്രംപ് നിരവധി തവണ രാജ്ഞിക്ക് മുമ്പില്‍ നടക്കുന്നതും, ഇരു വശങ്ങളിലൂടെ മുന്നോട്ട് വരാന്‍ ശ്രമിക്കുന്ന രാജ്ഞിയെയും വീഡിയോയില്‍ കാണാം.

അല്‍പസമയത്തിന് ശേഷം അബദ്ധം മനസ്സിലാക്കിയ ട്രംപ് നടത്തം നിര്‍ത്തി രാജ്ഞിയുടെ നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാജകുടുംബത്തിന്റെ ആചാരമര്യാദകള്‍ ലംഘിച്ച ട്രംപിനെ വിമര്‍ശിച്ചും കളിയാക്കിയും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ട്.

അതേസമയം രാജകീയ ആചാരമര്യാദകള്‍ ലംഘിക്കുന്നതില്‍ മെലാനിയ ട്രംപും ഭര്‍ത്താവിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യകൂടികാഴ്ച്ചയില്‍ രാജ്ഞിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്നതിനു പകരം ഹസ്തദാനം നല്‍കിയാണ് മെലാനിയ കാലങ്ങളായി തുടരുന്ന ആചാരം ലംഘിച്ചത്.

വെള്ളിയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ 80 ഡിഗ്രി ഫാരണ്‍ ഹീറ്റില്‍ 15 മിനിട്ട് വരെ 92 വയസ്സുള്ള രാജ്ഞിയെ കാത്തുനിര്‍ത്തിപ്പിക്കുകയും ചെയ്തു. ട്രംപിനെയും മെലാനിയയെയും കാത്തു നിന്ന രാജ്ഞി അസ്വസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു. സമയം വൈകിയതോടെ പല തവണ വാച്ചില്‍ നോക്കുന്നതും കാണാമായിരുന്നു.

tumph-melania

യുഎസ് പ്രസിഡന്റായതിനു ശേഷമുള്ള ഡോണാള്‍ഡ് ട്രംപിന്റെ ബ്രിട്ടനിലെ ആദ്യ സന്ദര്‍ശനത്തില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്, എലിസബത്ത് രാജ്ഞി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രെക്‌സിറ്റ് വിഷയത്തില്‍ തെരേസ മേ സമ്മര്‍ദം നേരിടുന്ന സമയത്താണ് ട്രംപിന്റെ നിര്‍ണായക സന്ദര്‍ശനം. യുഎസും ബ്രിട്ടനുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.

Top