ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ പാക്കിസ്ഥാനിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍

ലാഹോര്‍: യു.എസ് സഹായമില്ലെങ്കില്‍ സൗദിയ്ക്ക് ഒരാഴ്ചയ്ക്കപ്പുറം മുന്നോട്ടുപോകാനാവില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ പാക്കിസ്ഥാനിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍. സൗദി അറേബ്യയുടെ സംരക്ഷണത്തിന് മറ്റൊരാളുടെ സഹായവും ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ സ്‌കോളേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഷെയ്ക്ക് താഹിര്‍ മഹ്മൂദ് അല്‍ അഷ്‌റഫിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പണ്ഡിതന്മാര്‍. 88-ാമത് സൗദി നാഷണല്‍ ഡേയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് നടന്നത്.

സൗദി അറേബ്യ ശക്തമായ രാജ്യമാണെന്നും, അതിനെ സംരക്ഷിക്കാന്‍ മറ്റാരുടെയും ആവശ്യം അവര്‍ക്കില്ലെന്നും ഇസ്‌ലാമിക പണ്ഡിതന്മാര്‍ സൂചിപ്പിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഇസ്‌ലാമിക് സമൂഹം സൗദിയ്‌ക്കൊപ്പം നിലകൊള്ളുമെന്നും പണ്ഡിതന്മാര്‍ പറഞ്ഞത്.

ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യവും സുരക്ഷയും ഇല്ലാതാക്കുകയെന്ന ലക്ഷ്യമിട്ടാണ് രണ്ട് വിശുദ്ധ പള്ളികളെ ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികള്‍ ആക്രമണം നടത്തുന്നതെന്ന് ഷെയ്ക്ക് അല്‍ അഷ്‌റഫി പറഞ്ഞു. വിശുദ്ധ പള്ളികളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവിനും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്കുമൊപ്പം ഇസ്‌ലാമിക സമൂഹം നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസിന്റെ സംരക്ഷണമില്ലാതെ രണ്ടാഴ്ച പോലും സൗദി അറേബ്യയ്ക്ക് നിലനില്‍ക്കാനാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സമ്പന്ന രാഷ്ട്രങ്ങള്‍ക്കും യു.എസ്. സംരക്ഷണം നല്‍കുന്നുണ്ടെന്നും എന്നാല്‍, അവരില്‍ നിന്ന് തിരിച്ച് തങ്ങള്‍ക്ക് ഗുണമൊന്നും ലഭിക്കുന്നില്ലെന്നുമുള്ള ഉദ്ദേശ്യത്തിലായിരുന്നു സൗദിക്കുനേരെയുള്ള ട്രംപിന്റെ പരാമര്‍ശം.

ട്രംപിന്റെ പ്രസ്താവനയില്‍ സൗദി ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദി എണ്ണവില വര്‍ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ വിവാദപരാമര്‍ശം.

Top