യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; 2016 ആവര്‍ത്തിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ചൊവ്വാഴ്ച അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 10 ശതമാനം വോട്ട് അധികം ലഭിക്കുക ബൈഡനാണ് എന്ന് സര്‍വ്വെയില്‍ പറയുന്നു. ബൈഡന് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ, ട്രംപിന് 42 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. 12 സംസ്ഥാനങ്ങളില്‍ ട്രംപിനേക്കള്‍ ആറ് ശതമാനം വോട്ട് ബൈഡന് അധികം ലഭിക്കും.

അരിസോണ, ഫ്ളോറിഡ, ജോര്‍ജിയ, അയോവ, മെയ്ന്‍, മിഷിഗണ്‍, മിന്നെസോട്ട, നോര്‍ത്ത് കാരലിന, ന്യൂ ഹാംപ്ഷെയര്‍, നെവാഡ, പെന്‍സില്‍വാനിയ, വിസ്‌കോസിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആറ് ശതമാനം വോട്ടിന് ബൈഡന്‍ ലീഡ് ചെയ്യുക എന്ന് സര്‍വ്വെയില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ 31 വരെ നടത്തിയ സര്‍വ്വെയാണിത്. ഞായറാഴ്ചയാണ് ഫലം പുറത്തുവിട്ടത്.

നേരത്തെ വോട്ട് ചെയ്തത് ലക്ഷക്കണക്കിന് അമേരിക്കക്കരാണ്. മെയില്‍ വഴിയും നേരിട്ടെത്തിയുമാണ് ഇവര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട സര്‍വ്വെകളിലും ബൈഡനാണ് മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ 2016ലേത് പോലെ സംഭവിക്കുമെന്ന പ്രതീക്ഷയും റിപബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ട്. അഭിപ്രായ സര്‍വ്വെകളിലെല്ലാം അന്ന് ഹിലാരി ക്ലിന്റണ്‍ ആയിരുന്നു മുന്നില്‍. യഥാര്‍ഥ ഫലം വന്നപ്പോള്‍ ട്രംപ് ജയിച്ചു.

Top