ഉത്തര കൊറിയ അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് ഭീഷണിയായതുകൊണ്ട് ഉപരോധം ഇനിയും തുടരുമെന്ന് ട്രംപ് അറിയിച്ചു.
അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

സമാധന ഉച്ചകോടിക്ക് ശേഷം ജൂണ് 13ന്, ”ഇനി ഉത്തര കൊറിയയില്‍ നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങി കൊള്ളൂ”എന്നാണ് ട്രംപ് ട്വിറ്റ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം ട്രംപ് വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുകയാണ്.

ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും കൊറിയ ഭീഷണിയാണ്. അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങള്‍ യുഎസ് റദ്ദാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് സൈനികാഭ്യാസങ്ങള്‍ റദ്ദാക്കിയത്. ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസങ്ങളാണ് റദ്ദാക്കിയിരികുന്നത്. അടുത്ത മൂന്ന് മാസത്തേക്കാണ് സൈനികാഭ്യാസങ്ങള്‍ മാറ്റിവച്ചിരിക്കുന്നത്.

Top