കോവിഡ് ബാധിച്ചവര്‍ വിദേശ രാജ്യങ്ങളില്‍നിന്നു മടങ്ങുന്നതു തടയാന്‍ നിയമവുമായി ട്രംപ്

വാഷിങ്ടന്‍: കോവിഡ് ബാധിച്ച യുഎസ് പൗരനോ രാജ്യത്തെ സ്ഥിര താമസക്കാരനോ വിദേശ രാജ്യങ്ങളില്‍നിന്നു തിരികെ മടങ്ങുന്നതു താല്‍ക്കാലികമായി തടയാന്‍ പുതിയ നിയമവുമായി ട്രംപ്. ഇതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഇമിഗ്രേഷന്‍ നിയമം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിലവിലുള്ള നിയമവശങ്ങളെ ആശ്രയിക്കുന്ന നിര്‍ദേശം, രാജ്യത്തെ പകര്‍ച്ചവ്യാധിയില്‍നിന്നു സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കുന്നു.

വിമാനത്താവളങ്ങളിലും വടക്ക്, തെക്ക് അതിര്‍ത്തികളിലുമടക്കം പുതിയ നിയമം ബാധകമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ നിയമത്തിന് എപ്പോള്‍ അംഗീകാരം നല്‍കുമെന്നോ പ്രഖ്യാപിക്കുമെന്നോ വ്യക്തമല്ലെങ്കിലും ചൊവ്വാഴ്ചയോടെ വൈറ്റ് ഹൗസില്‍ പ്രതികരണം സമര്‍പ്പിക്കാന്‍ ഫെഡറല്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ പൗരന്മാരെയും നിയമപരമായ താമസക്കാരെയും തടയുന്ന നിയമം താല്‍ക്കാലികമാണെങ്കിലും വിലക്കിന്റെ ഭരണഘടനാ സാധ്യതയെ നിയമവിദഗ്ധര്‍ ചോദ്യം ചെയ്യുന്നു. യുഎസ് പൗരന്മാരെ അമേരിക്കയില്‍നിന്ന് വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്റെ ഇമിഗ്രന്റ്‌സ് റൈറ്റ്‌സ് പ്രൊജക്ട് ഡയറക്ടര്‍ ഒമര്‍ ജദ്വത് പറഞ്ഞു.

Top