മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ്; സ്ഥാനമൊഴിഞ്ഞാലുടന്‍ ട്രംപും ശിക്ഷിക്കപ്പെടും

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. യുഎസ് പ്രസിഡന്റിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനു (52)വിനാണ് ട്രംപുമായ് ബന്ധപ്പെട്ട കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ട്രംപുമായി ബന്ധമുണ്ടായിരുന്ന 2 സ്ത്രീകളെ പണം നല്‍കി നിശ്ശബ്ദരാക്കിയതടക്കം 8 കുറ്റങ്ങള്‍ക്കാണ് അഭിഭാഷകന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതിഗതികള്‍ അനുകൂലമാക്കാന്‍ ട്രംപിനു വേണ്ടി പണം ചെലവിട്ടുവെന്നു തെളിഞ്ഞതോടെ ഇത് ട്രംപിനു കുരുക്കായി മാറുമെന്ന് ഉറപ്പായിയിരിക്കുകയാണ്. പദവിയിലിരിക്കെ നിയമനടപടി അസാധ്യമായതിനാല്‍ സ്ഥാനമൊഴിഞ്ഞാലുടന്‍ ട്രംപിന്റെ പേരില്‍ കുറ്റം ചുമത്തപ്പെട്ടേക്കാം.

ഓഗസ്റ്റില്‍ നല്‍കിയ കുറ്റസമ്മതത്തില്‍ തന്നെ മോഡല്‍ കരെന്‍ മക്ഡുഗലിനു 1.5 ലക്ഷം ഡോളര്‍ നല്‍കി ഒഴിവാക്കാന്‍ ശ്രമിച്ചത് ട്രംപിന്റെ നിര്‍ദേശപ്രകാരമാണെന്ന് കോഹന്‍ വ്യക്തമാക്കിയിരുന്നു. ഹോട്ട് താരം സ്റ്റോമി ഡാനിയല്‍സിനു 1.3 ലക്ഷം ഡോളറും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് വിജയത്തിനായി ഇതു രണ്ടും ചെയ്തത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്നു കരുതുന്നതായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രംപിന്റെ ഇടനിലക്കാരനായി ദീര്‍ഘനാളുകളായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന കോഹന്‍, തനിക്കു വേണ്ടിയും ട്രംപിനു വേണ്ടിയും ചെയ്ത കാര്യങ്ങള്‍ക്കെല്ലാം പൂര്‍ണ ഉത്തരവാദിയാണെന്ന് കോടതിയില്‍ ഏറ്റുപറച്ചില്‍ നടത്തി.

Top