നൂറ് കണക്കിന് മാപ്പപേക്ഷകളും ശിക്ഷ ഇളവുകളുമായി അവസാന ദിനം ട്രംപ്

വാഷിംങ്ടണ്‍: പ്രസിഡന്റ് എന്ന നിലയില്‍ അവസാനത്തെ മുഴുവന്‍ ദിന പ്രവര്‍ത്തനത്തില്‍ നൂറുകണക്കിന് മാപ്പ് അപേക്ഷകളും, ശിക്ഷ ഇളവ് അപേക്ഷകളും കൂട്ടത്തോടെ അനുവദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് മാപ്പ് നല്‍കുന്നതില്‍ വന്‍കിട തട്ടിപ്പുകാര്‍ മുതല്‍ വൈറ്റ് കോളര്‍ ക്രിമിനലുകള്‍ വരെയുണ്ട്. ഞായറാഴ്ച അപേക്ഷ പരിഗണിക്കേണ്ടവരുടെ അന്തിമ ലിസ്റ്റ് വൈറ്റ് ഹൗസ് തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ക്രിസ്മസിന് മുന്‍പ് തന്നെ ഇത്തരം ഒരു നീക്കം ട്രംപ് നടത്തിയിരുന്നെങ്കിലും, ഈ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ജനുവരി 6 ലെ ട്രംപ് അനുകൂലികളുടെ കാപിറ്റോള്‍ കലാപത്തോടെ കാര്യങ്ങള്‍ കൈവിട്ടു. ഇതോടെ പരിഗണിച്ച അപേക്ഷകള്‍ ട്രംപ് സര്‍ക്കാര്‍ പൊടിതട്ടിയെടുക്കുകയായിരുന്നു.

അതേസമയം, അപേക്ഷകളില്‍ ട്രംപിന്റെ അടുത്ത അനുയായികളോ, ബന്ധുക്കളോ, അദ്ദേഹം തന്നെയോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. മാപ്പ് അപേക്ഷകളും ശിക്ഷ ഇളവിനും പുറമേ വിവിധ ഭരണകാര്യ ഉത്തരവുകളും ഓവല്‍ ഓഫീസിലെ അവസാന ദിനത്തില്‍ ട്രംപ് ഇറക്കിയേക്കും. റഷ്യന്‍ അന്വേഷണത്തിന്റെ ഫയലുകള്‍ ഡീക്ലാസിഫൈ ചെയ്യുന്നത് അടക്കമുള്ള ഓഡറുകള്‍ ഇതിലുണ്ടെന്നാണ് അന്തര്‍ദേശീയ മധ്യമ റിപ്പോര്‍ട്ടുകള്‍.

അതേസമയം അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രഥമ വനിതയാണ് എന്നാണ് സിഎന്‍എന്‍ പോള്‍ പറയുന്നത്. സിഎന്‍എന്‍ 2016 മുതല്‍ നടത്തിയ പോളിംഗുകള്‍ വച്ചാണ് ഈ വാര്‍ത്ത വരുന്നത്. 2016 ല്‍ സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം പേര്‍ മെലാനിയയെ ഇഷ്ടമല്ലെന്ന് വ്യക്തമാക്കി.

Top