ട്രംപും കിം ജോങ് ഉന്നും രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നു

സോള്‍ : ഇടഞ്ഞ് നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും വീണ്ടും സൗഹൃദത്തിന്റെ പുതുവഴികള്‍ തേടുന്നു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഹനോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

രണ്ടാംഘട്ട ചര്‍ച്ച വിയറ്റ്‌നാമില്‍ ആയിരിക്കുമെന്നാണ് സൂചനകള്‍. രണ്ടാം ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതുവത്സര ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ വാഗ്ദാനം നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം പ്രതിജ്ഞയില്‍ നിന്ന് പിന്മാറുമെന്നും കിം ട്രംപിന് താക്കീത് നല്‍കിയിരുന്നു.

എന്നാല്‍ ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും ട്രംപുമായി ചര്‍ച്ച നടത്താനും അന്തര്‍ദേശീയസമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ തയ്യാറാണെന്നും കിം കൂട്ടിച്ചേര്‍ത്തിരുന്നു.

പിന്നാലെ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപും വ്യക്തമാക്കിയിരുന്നു. ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഉത്തരകൊറിയയ്ക്ക് മേല്‍ നിലവിലുള്ള ഉപരോധം അവസാനിപ്പിക്കാന്‍ യു എസ് തീരുമാനിച്ചിട്ടില്ല.

Top