സിറിയയില്‍ അമേരിക്ക സൈനികനടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റഷ്യ

മോസ്‌കോ: സിറിയയില്‍ അമേരിക്ക സൈനികനടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന് റഷ്യന്‍ പാര്‍ലമന്റെ് വക്താവ് ദിമിത്രി പെസ്‌കോവ്. ട്വിറ്റര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് റഷ്യ മറുപടി നല്‍കി. സിറിയയില്‍ സൈനികനടപടിയെടുക്കുമെന്നും തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നുമുള്ള ട്രംപിന്റെ ട്വീറ്റിനെയാണ് പെസ്‌കോവ് പരിഹസിച്ചത്.

നല്ല മിസൈലുകള്‍ തൊടുക്കേണ്ടത് തീവ്രവാദികള്‍ക്കുനേരെയാണെന്നും സിറിയന്‍ സര്‍ക്കാറിനെ ലക്ഷ്യം വെച്ചല്ലെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റിനോട് റഷ്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് മരിയ സകറോവയുടെ പ്രതികരണം.

സിറിയയില്‍ സൈനികനടപടിക്ക് യു.എസിനൊപ്പം നില്‍ക്കണോയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അടിയന്തരയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിനിടെ, സിറിയയെ ആക്രമിക്കുമെന്ന തന്റെ പ്രസ്താവനയില്‍നിന്ന് ട്രംപ് മലക്കം മറിഞ്ഞു. സിറിയയില്‍ ആക്രമണം നടത്തുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

Top