ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ട്രംപ്

trump1

വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ മന്ദഗതിയിലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേലുള്ള നികുതി നിരക്കില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. നിലവില്‍ 10 ശതമാനം നികുതിയുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി 25 ശതമാനമാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

അമേരിക്കയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന 200 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചൈനീസ് ഉല്‍പന്നങ്ങളുടെ നികുതി കൂട്ടാനാണ് തീരുമാനം. അമേരിക്ക ചൈനയുമായി ഒരു വ്യാപാര കരാറിലെത്താനുള്ള ചര്‍ച്ചകള്‍ മാസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇതു വരെ ഒരു അന്തിമ തീരുമാനവും ആയിട്ടില്ല. കരാറില്‍ തീരുമാനം ഒന്നും ആകാത്തതിനാലാണ് ഉല്‍പ്പനങ്ങളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ നികുതി കൂട്ടുന്ന നടപടിയില്‍ നിന്ന് നാല് മാസമായി ട്രംപ് പിന്നോട്ട് പോയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മധ്യസ്ഥത ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍ നികുതി കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം ചൈനക്കുള്ള ഒരു മുന്നറിയിപ്പ് എന്ന രീതിയിലാണ് എന്നാണ് വിലയിരുത്തല്‍ . എന്നാല്‍ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ മാസം നടത്തിയ ചര്‍ച്ച തൃപ്തികരമാണെന്ന് നേരത്തെ അമേരിക്കന്‍ ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച് ട്രംപ് ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

Top