ഇവന്റ് കെം ചോ ട്രംപ് അല്ല ; ഇനി നമസ്‌തേ പ്രസിഡന്റ് ട്രംപ്

അഹമ്മദാബാദ് : ഇവന്റ് കെം ചോ ട്രംപ് എന്ന പരിപാടിയുടെ പേര് മാറ്റിയ വാര്‍ത്ത സ്ഥിരീകരിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍. പുതിയ പേര് നമസ്‌തേ പ്രസിഡന്റ് ട്രംപ് എന്നാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് ഗുജറാത്തില്‍ നടത്താനിരുന്ന മെഗാ ഇവന്റിന്റെ പേരാണ് മാറ്റിയത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പേരുമാറ്റം. കെം ചോ ട്രംപ് എന്ന പേര് പ്രാദേശികമായി നല്ലതാണെങ്കിലും വലിയൊരു മെഗാ ഇവന്റിന് കുറച്ചു കൂടി നല്ല പേര് വേണമെന്നതിനാലാണ് പേര് മാറ്റുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ഫെബ്രുവരി 24ന് അഹമ്മദാബാദിലാണ് ട്രംപ് തന്റെ ദ്വിദിന ഇന്ത്യാ സന്ദര്‍ശനം തുടങ്ങുന്നത്. ട്രംപ് പ്രധാനമന്ത്രിക്കൊപ്പം റോഡ്ഷോയില്‍ പങ്കെടുക്കും. പിന്നീട് സബര്‍മതി ആശ്രമവും സന്ദര്‍ശിക്കും. ട്രംപും പ്രഥമ വനിത മെലാനിയയും ഫെബ്രുവരി 24, 25 തീയതികളില്‍ അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലും സന്ദര്‍ശനം നടത്തുമെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി. കൂടാതെ രാജ്യത്ത് നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ട്രംപ് ഉദ്ഘാടനം ചെയ്യും.

Top