ട്രംപിന് ആശ്വസിക്കാം; ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് തിരിച്ചടി.ട്രംപിനെതിരേ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് തള്ളി.47 ന് എതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. സെനറ്റില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ നടന്നത്.

പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല.

സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. അതിനാല്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാകാനിടയില്ല.

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന്‍ പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.അധികാര ദുര്‍വിനിയോഗം, കോണ്‍ഗ്രസ് നടപടികളെ തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തത്.

Top