ആഗോള എണ്ണവിതരണം;ട്രംപ് സൗദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി

റിയാദ്: എണ്ണവിതരണം സുഗമമാക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍സൗദുമായി ചര്‍ച്ച നടത്തി. അല്‍സൗദിയെ ഫോണില്‍ വിളിച്ച ട്രംപ് ആഗോള എണ്ണവിപണിയുടെ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തതെന്നാണ് സ്ഥിരീകരണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രസഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ഇരു നേതാക്കളും സംസാരിച്ചു എന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈറ്റ്ഹൗസോ സൗദി ഭരണകൂടമോ വ്യക്തമാക്കിയിട്ടില്ല.

എണ്ണ വ്യാപാര രംഗത്ത് അമേരിക്ക കൂടുതല്‍ രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്താന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ക്രൂഡ് ഓയില്‍ വില സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ ഒപെക് രാജ്യങ്ങളുമായി ട്രംപ് ബന്ധപ്പെട്ടിരുന്നു. വില ക്രമാധീതമായ വര്‍ദ്ധിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഒപെക് രാജ്യങ്ങളുടെ കഴിഞ്ഞ യോഗത്തില്‍ വില കുറയ്ക്കണമെന്ന ട്രംപിന്റെ ആവശ്യം തള്ളിയിരുന്നു.

ഇറാനെതിരെയും അമേരിക്ക ഉപരോധം കടുപ്പിക്കുകയാണ്. എന്നാല്‍, ഇന്ത്യയില്‍ ഇന്ധന ഇറക്കുമതിയ്ക്ക് ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കുമെന്നാണ് ഐക്യരാഷ്ട്രസഭാ സമ്മേളനത്തിനിടെ അമേരിക്ക വ്യക്തമാക്കിയത്.

Top