ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്ക; ക്ഷമ നശിച്ചുവെന്ന് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഉത്തരകൊറിയയുടെ കാര്യത്തില്‍ അമേരിക്കയുടെ ക്ഷമ നശിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ട്രംപ് അറിയിച്ചു.

‘ഞങ്ങള്‍ ഉത്തര കൊറിയയിലെ കിരാതമായ ഭരണകൂടത്തില്‍നിന്നും ഭീഷണി നേരിടുന്നുണ്ട്. മേഖലയില്‍ നടത്തുന്ന ബാലിസ്റ്റിക്, ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കണം. സ്വന്തം ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാത്ത ഉത്തരകൊറിയയോട് അയല്‍ക്കാരും ബഹുമാനം കാണിക്കില്ല.’–ട്രംപ് പറഞ്ഞു.

ഈ വര്‍ഷം അവസാനം ട്രംപ് ദക്ഷിണ കൊറിയ സന്ദര്‍ശിക്കാമെന്നും ഉറപ്പു നല്‍കി. ഉത്തരകൊറിയയ്‌ക്കെതിരായ നടപടിയില്‍ അമേരിക്കയും ദക്ഷിണ കൊറിയയും ഒറ്റക്കെട്ടാണെന്നും മൂണ്‍ പറഞ്ഞു.

മനുഷ്യജീവനു യാതൊരു വിലയും കല്‍പ്പിക്കാത്ത രാജ്യവുമായി നയതന്ത്ര ബന്ധത്തിനില്ലെന്നും ട്രംപ് പറഞ്ഞു. ക്ഷമകാണിക്കുകയെന്ന സ്ഥിതി ഉത്തരകൊറിയയുടെ കാര്യത്തില്‍ പരാജയപ്പെട്ടു. വര്‍ഷങ്ങളായി ഇക്കാര്യം പരാജയമാണ്. തുറന്നു പറഞ്ഞാല്‍, ക്ഷമ അവസാനിച്ചുവെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.

Top