ട്രംപിന്റെ മകള്‍ ലോകബാങ്ക് പ്രസിഡന്റാകുമോ; ഇവാന്‍കയെക്കുറിച്ച് വെളിപ്പെടുത്തലുമായി ട്രംപ്

വാഷിംഗ്ടണ്‍: മകളെക്കുറിച്ച് വാചാലനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മകള്‍ ഇവാന്‍ക ട്രംപിനെ ലോകബാങ്ക് പ്രസിഡന്റാക്കാന്‍ താല്പര്യമുണ്ടെന്നാണ് ട്രംപ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

‘അവള്‍ കണക്കുകൂട്ടാനൊക്കെ വളരെ മിടുക്കിയാണ്. ലോകബാങ്ക് തലപ്പത്ത് അവള്‍ ശോഭിക്കും. മികച്ച നയതന്ത്രജ്ഞയായതുകൊണ്ട് യുഎന്‍ അംബാസിഡറായും അവള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കഴിയും.’ ട്രംപ് പറഞ്ഞു. ‘ദി അറ്റ്‌ലാന്റിക്’ എന്ന പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് മകളെക്കുറിച്ചുള്ള പ്രതീക്ഷകളും ആഗ്രഹങ്ങളും ട്രംപ് പങ്കുവച്ചത്.

മകളുടെ കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എന്തുകൊണ്ട് ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തുകൂടാ എന്ന ചോദ്യത്തിന് അങ്ങനെയായാല്‍ അത് സ്വജനപക്ഷപാതമായി ജനങ്ങള്‍ വ്യാഖ്യാനിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇവാന്‍ക അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകുമെന്ന അഭ്യൂഹങ്ങളെയും ട്രംപ് നിഷേധിച്ചില്ല. മകള്‍ അങ്ങനെ വിചാരിച്ചാല്‍ അതില്‍ നിന്ന് ആര്‍ക്കും അവളെ പിന്തിരിപ്പിക്കാനാവില്ലെന്നും പരാജയപ്പെടുത്താനാവില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Top