നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണ പരിധി ലംഘിച്ച ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടെന്ന് അമേരിക്ക. എണ്ണ കള്ളക്കടത്ത് ആരോപിച്ച് പിടികൂടിയ വിദേശ കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്ന് ഇറാന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം.

ഇറാനില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴി വിദേശത്തേക്ക് എണ്ണ കടത്തുകയായിരുന്നുവെന്നാരോപിച്ച് പനാമന്‍ കപ്പലായ റിയാ പിടിച്ചെടുത്തതായി ഇന്നലെ ഇറാന്‍ അവകാശപ്പെട്ടത്. ഇതിനെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും കപ്പല്‍ ഉടന്‍ വിട്ടയക്കണമെന്നും അമേരിക്ക അന്ത്യശാസനം നല്‍കി. കപ്പലുകള്‍ക്ക് സമാധാനപരാമായി കടന്നുപോകുന്ന അന്തരീക്ഷം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി ഇറാന്‍ നേരിടേണ്ടി വരുമെന്നും ട്രംപ് വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയതിനെ തൊട്ടുപിന്നാലെയാണ് ഇറാന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി ട്രംപ് അവകാശപ്പെട്ടത്. ഹോര്‍മുസില്‍ യുഎസ് മുങ്ങികപ്പലിന് സമീപം അപകടകരമാം വിധത്തില്‍ പറന്ന ഡ്രോണിനെ പ്രതിരോധത്തിന്റെ ഭാഗമായാണ് വെടിവച്ചിട്ടതെന്നും ട്രംപ് പറഞ്ഞു.

Top