ഗ്രീന്‍ലാന്റ് അമേരിക്കയുടെ ഭാഗമാക്കാനൊരുങ്ങി ട്രംപ്: വാര്‍ത്ത ശരിവെച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിനെ ട്രംപ് വിലക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ശരിവെച്ച് വൈറ്റ് ഹൗസ്. ഇത് സംബന്ധമായി കൃത്യമായ വിവരങ്ങള്‍ പ്രസിഡന്റ് ട്രംപ് നല്‍കുമെന്നും വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോ അറിയിച്ചു. ഗ്രീന്‍ലാന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കു വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍.

അതേസമയം നോര്‍ത്ത് അമേരിക്കയ്‌ക്കും യൂറോപ്പിനും മധ്യേ പരന്ന് കിടക്കുന്ന ഗ്രീന്‍ലാന്റ് വില്‍ക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അധികൃതര്‍. ധാതുക്കള്‍, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങള്‍, ഊര്‍ജ്ജം തുടങ്ങിയവയാല്‍ സമ്പന്നമാണ് ഗ്രീന്‍ലാന്‍ഡ്.

നടപടിയെ തങ്ങളുടെ രാജ്യത്തോട് അമേരിക്കയ്‌ക്കുള്ള അതിയായ താത്പര്യം മാത്രമായാണ് നോക്കിക്കാണുന്നതെന്ന് ഗ്രീന്‍ലാന്‍ഡ് വക്താവ് കിം കെയ്ല്‍സെന്‍ പറഞ്ഞു. ‘ഞങ്ങള്‍ വ്യാപാരം ചെയ്യാന്‍ തയ്യാറാണ് , എന്നാല്‍ വില്‍പ്പനയ്ക്കില്ല’ എന്നും ഗ്രീന്‍ലാന്റ് വിദേശകാര്യ മന്ത്രാലയം അമേരിക്കക്ക് മറുപടി നല്‍കി. തങ്ങള്‍ക്ക് അമേരിക്കയുമായി നല്ല ബന്ധമാണെന്നും അത് തകര്‍ക്കാനില്ലെന്നും വക്താവ് അറിയിച്ചിരുന്നു. വൈറ്റ്ഹൗസ് ഗ്രീന്‍ലാന്റ് സംബന്ധമായ വാര്‍ത്ത സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തക്കതായ മറുപടി ഗ്രീന്‍ലാന്റിന്റെ ഭാഗത്ത് നിന്നും വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Top