മരുന്ന് വിലക്ക് നീക്കിയപ്പോള്‍ ഭീഷണി സ്വരം മാറി; മോദി മഹാനായ വ്യക്തിയെന്ന് ട്രംപ്‌

ന്യൂയോര്‍ക്ക്: മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ അമേരിക്കയ്ക്ക് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്.

നരേന്ദ്രമോദി മികച്ച നേതാവും മനുഷ്യനുമാണ്. ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിട്ടുനല്‍കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു.അമേരിക്കയില്‍ നിലവില്‍ 29 മില്യണ്‍ ഹോഡ്രോക്സി ക്ലോറോക്വിന്റെ ശേഖരം ഉണ്ട്, അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണ്. എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കോവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന രീതിയില്‍ ഭീഷണിയുടെ സ്വരത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.

മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കയില്‍ ഇതിനോടകം 3.66ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും കോവിഡ് മരണങ്ങള്‍ 10000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു നിലപാട് ഉണ്ടാകാതിരുന്ന സാഹചര്യത്തിലായിരുന്നു ട്രംപിന്റെ ഭീഷണി. ഇതാണിപ്പോള്‍ ട്രംപ് യൂടേണ്‍ അടിച്ചിരിക്കുന്നത്.

കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് ഇന്ത്യ ഇന്നലെ എടുത്തുമാറ്റിയത്. കോവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തിലാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്.

Top