വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള വിലക്ക് നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്. ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫേസ്ബുക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍.
കഴിഞ്ഞ ആഴ്ചയാണ് ട്രംപിന്റെ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനും വിലക്ക് വീണത്. ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയായിരുന്നു ഇത്. കലാപത്തിന് പിന്നാലെ ട്വിറ്റര്‍ ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. സ്നാപ് ചാറ്റ്, ട്വിറ്റ് പോലുള്ള സേവനങ്ങളിലും ട്രംപിന് വിലക്ക് വന്നിട്ടുണ്ട്.
തങ്ങളുടെ പോളിസികള്‍ എല്ലാവര്ക്കും ബാധകമാണെന്ന് ഷെറില്‍ സാന്‍ഡ്ബെര്‍ഗ് വിശദമാക്കി. പ്രസിഡന്റിനായി പോളിസിയുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്നും ഷെറില്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമം ഉപയോഗിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നത് തുടര്‍ന്നതിലാണ് ട്രംപിനെതിരെയുള്ള നടപടിയെന്നാണ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമാക്കിയത്.