കോവിഡ്19; ചൈനയുമായുള്ള എല്ലാ ബന്ധവും റദ്ദാക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി സംസാരിക്കാന്‍ തയാറല്ലെന്നും അവരുമായുള്ള ബന്ധം റദ്ദാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ പരിഗണനയിലാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറസിന്റെ വ്യാപനം തടയാതിരിക്കാന്‍ ചൈന നടപടി സ്വീകരിക്കാത്തതില്‍ അതീവ ദു:ഖമുണ്ട്. ജനുവരിയില്‍ ചൈനയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കാന്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ കരാറിനെ കുറിച്ച് പുനരാലോചിക്കാന്‍ ഒരുതരത്തിലും തയാറല്ല. അവര്‍ക്ക് വൈറസിനെ ഫലപ്രദമായി തടയാമായിരുന്നു. എങ്കില്‍ വളരെ മികച്ച വ്യാപാരകരാര്‍ അവരെ കാത്തിരുന്നേനെ ട്രംപ് പറഞ്ഞു.

ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കുമോ എന്ന ചോദ്യത്തിന് ചൈനീസ് പ്രസിഡന്റുമായി നല്ല ബന്ധമൊക്കെയാണ്. എന്നാല്‍ ഈയവസരത്തില്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധവും മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് മറുപടിയായി ട്രംപ് പറഞ്ഞത്.

അതിനിടെ ചൈനയിലുള്ള കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ പെന്‍ഷന്‍ ഫണ്ട് പിന്‍വലിക്കാനും ട്രംപ് ഉത്തരവിട്ടു. ഇത്തരം നടപടികള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന സൂചനയും ട്രംപ് നല്‍കി. ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചതിനു പിന്നാലെയാണ് ഈ നടപടി.

Top