Trump budget plan shows how he would reshape nation

ദ്യ ബജറ്റില്‍ പ്രതിരോധ മേഖലക്ക് കൂടുതല്‍ പണം നീക്കിവെയ്ക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലുള്ളതിന്റെ 9 ശതമാനം വര്‍ധനവ് വരുത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇതോടെ അമേരിക്കയിലെ സൈനിക ചെലവ് യുദ്ധകാലത്തെ ചെലവിന് ഒപ്പമെത്തും. സൈന്യത്തിന്റെ ചെലവിന് അധികമായി വകയിരുത്തുന്ന പണം വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായം, പരിസ്ഥിതി വകുപ്പിനുള്ള ഫണ്ട് മുതലായവയില്‍ നിന്ന് വെട്ടിക്കുറച്ച് കണ്ടെത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്.

2017- 2018 വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിക്കാനിരിക്കെയാണ് ട്രംപ് തന്റെ ആദ്യ ബജറ്റിലെ ഉള്ളടക്കത്തെകുറിച്ച് വെളിപ്പെടുത്തിയത്. സൈനിക ചിലവുകള്‍ 54 ബില്യണ്‍ ഡോളര്‍ കൂടി വര്‍ധിപ്പിക്കും. ഇത് കാലഘട്ടത്തിന്റെ ആവശ്യമണെന്നും ട്രംപ് പറഞ്ഞു.

സൈനിക ചെലവ് വര്‍ധിക്കുന്നതോടൊപ്പം വിവിധ ക്ഷേമ പദ്ധതികള്‍ക്കായുള്ള തുക പഴയപടിയുണ്ടാകും. അതേസമയം വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം, ആഭ്യന്തര വകുപ്പിന്റെ വിഹിതം, പരിസ്ഥിതി വകുപ്പിനുള്ള ഫണ്ട് എന്നിവ ഗണ്യമായി കുറയും.

ട്രംപിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിന് സമര്‍പ്പിക്കും. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ മാത്രമേ സൈനിക ആവശ്യത്തിനായി ഭീമന്‍ തുക ചിലവഴിക്കല്‍ സാധ്യമാകൂ. ഒബാമയുടെ കാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായുള്ള പണം ചിലവഴിക്കലിനെ അമേരിക്കന്‍ കോണ്‍ഗ്രസ് നിയന്ത്രിച്ചിരുന്നു.

നിലവില്‍ 600 ബില്യണ്‍ ഡോളറാണ് അമേരിക്കയുടെ പ്രതിവര്‍ഷ സൈനിക ചിലവ്. ആഭ്യന്തര വകുപ്പ് 50 ബില്യണ്‍ ഡോളറാണ് നിലവില്‍ ചിലവഴിക്കുന്നത്. ഇതില്‍ 30 ശതമാനത്തോളം കുറവുണ്ടായേക്കും. അതേസമയം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാമമാത്ര തുകയേ ഉണ്ടാവുകയുള്ളൂ.

വ്യവസായങ്ങള്‍ക്ക് നികുതി നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ട്രംപ് ഉല്‍പാദന ക്ഷമമല്ലാത്ത മേഖലകളില്‍ കൂടുതല്‍ തുക വിനിയോഗിക്കുന്നത് പ്രായോഗികമല്ലെന്നാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

Top